palam

വിതുര: പൊന്നാംചുണ്ട് പാലം തകർച്ചയിൽ. കഴിഞ്ഞ ദിവസങ്ങളിൽ വനമേഖലയിൽ പെയ്ത കനത്തമഴയെ തുടർന്നുണ്ടായ മലവെള്ളച്ചാലിൽ പാലം വെള്ളത്തിൽ മുങ്ങുകയും ഒരു വശം ഇടിയുകയും ചെയ്തിരുന്നു. മലവെള്ളപ്പാച്ചിലിൽ വനത്തിൽ നിന്ന് പാറയും മരങ്ങളും മറ്റും ഒഴുകിയെത്തി പാലത്തിൽ ഇടിക്കുന്നതുമൂലം പാലത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. വാമനപുരം നദിയിൽ വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ടിൽ പാലം നിർമ്മിക്കുമെന്ന അധികാരികളുടെ വാഗ്ദാനം കടലാസിലുറങ്ങുന്നു. സർക്കാരുകൾ മാറിമാറി വന്നിട്ടും പാലം പണി മാത്രം നടന്നില്ല. പാലത്തിന്റെ പേരിൽ നടന്ന രാഷ്ട്രീയപ്പോരുകളും ചില്ലറയല്ല.

പാലമില്ലാത്തതിനാൽ മഴക്കാലത്ത് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.

പത്ത് വർഷം മുൻപ് പാലം പണിക്കായി 10 കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണം നടന്നില്ല. നിർമ്മാണത്തിനായി സമീപമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ നടത്തിയെങ്കിലും പിന്നീട് അനക്കമില്ലാതെയായി. വസ്തു വിട്ട് നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം നടത്തിയിരുന്നു. അവശേഷിക്കുന്ന വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ചുണ്ടായ കാലതാമസമാണ് പാലത്തിന്റെ നിർമാണത്തിന് തടസമായിരുന്നത്. ദർഘാസ് നടപടികളും നടന്നിരുന്നു. ഉടൻ പാലം നിർമ്മിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്.

പൊന്നാംചുണ്ടിൽ അടിയന്തരമായി പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊന്നാംചുണ്ട്, നരിക്കല്ല്,മണലി നിവാസികൾ.

മഴയത്ത് അപ്രത്യക്ഷമാകുന്ന പാലം

പൊൻമുടി വനമേഖലയിൽ ശക്തമായ മഴ പെയ്താൽ കല്ലാർ നിറഞ്ഞൊഴുകി പൊന്നാംചുണ്ട് പാലം വെള്ളത്തിൽ മുങ്ങും. തുടർന്ന് വിതുര - പൊന്നാംചുണ്ട് - തെന്നൂർ പാലോട് റൂട്ടിൽ ഗതാഗതതടസം അനുഭവപ്പെടും. മാത്രമല്ല തെന്നൂർ, പൊന്നാംചുണ്ട്, കുണ്ടാളംകുഴി, നരിക്കല്ല് എന്നീ മേഖലകൾ ഒറ്റപ്പെടുകയും ചെയ്യും. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലത്തിന് വേണ്ടത്ര പൊക്കമില്ലാത്തതുമൂലമാണ് മഴയത്ത് വെള്ളത്തിൽ മുങ്ങുന്നത്.പാലത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേരള കൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് മുൻ സ്പീക്കറും,​ എം.എൽ.എയുമായിരുന്ന ജി. കാർത്തികേയൻ പുതിയ പാലം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചു.ഇതിന് ശേഷം നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ നടന്നെങ്കിലും ക്രമേണ അനക്കമില്ലാത്ത അവസ്ഥയായി.

പാലത്തിനു വേണ്ടി സമരം

വിതുര - പെരിങ്ങമ്മല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലം വന്നാൽ പാലോട്, പെരിങ്ങമ്മല, മടത്തറ മേഖലകളിൽ എളുപ്പത്തിൽ എത്താം. പാലത്തിന് വേണ്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരണവും സമരവും അടക്കം നടന്നിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.