
ആറ്റിങ്ങൽ : 14 മിനിറ്റിൽ 38 അക്കങ്ങൾ മനക്കണ്ണിൽ കണ്ട് നയൻ.എസ് എന്ന ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരൻലോക റെക്കാഡിൽ ഇടം നേടി നാടിന് അഭിമാനമായി. ഓട്ടിസം ബാധിച്ച നയന് സംസാരിക്കാനും കൈ കൊണ്ട് എഴുതാനും ബുദ്ധിമുട്ടാണ്. എന്നാൽ ടൈപ്പിംഗിലൂടെ 2 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ നടന്ന ചടങ്ങ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.സദസ്സിൽ നിന്ന് എഴുതിക്കൊടുത്ത 38 അക്കങ്ങൾ നയൻ അകക്കണ്ണിലൂടെ കണ്ട് ടൈപ്പ് ചെയ്തു. ഇത് സ്റ്റേജിൽ സ്ഥാപിച്ച എൽ.ഇ.ഡി സ്ക്രീനിൽ തൽസമയം കാണിച്ചു. ചടങ്ങിൽ ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: എം.കെ.സി നായർ,കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം മുൻ തലവൻ ഡോ : ജോർജ്ജ് മാത്യു,വി.എ.റഷീദ്,യു.ആർ.എഫ് ഇന്റർനാഷണൽ ജൂറി ഡോ:ഗിന്നസ് സുനിൽ ജോസഫ്,റിപ്പോർട്ടർ ഗോപകുമാർ എന്നിവർ നിരീക്ഷകരായി എത്തിയിരുന്നു. കൊല്ലം പവിത്രേശ്വരം ചെമ്മരത്തിൽ വീട്ടിൽ ശ്യാമിന്റെയും പ്രിയങ്കയുടെയും രണ്ടാമത്തെ മകനാണ് നയൻ. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശിവപ്രിയ സഹോദരിയാണ്. ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എസ്. അനിൽ കുമാർ, അദ്ധ്യാപകനായ എം.സുനിൽകുമാർ എന്നിവർ വേദിയിലെത്തി അഭിനന്ദിച്ചു.