
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്താനായി കേരള എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മസ്ക്കറ്റ് ഹോട്ടലിൽ നടത്തുന്ന ദ്വിദിന 'യുവ ബൂട്ട് ക്യാമ്പ്' ഇന്ന് രാവിലെ 10ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് നിക്ഷേപകർ, സാമ്പത്തിക വിദഗ്ധർ, വ്യവസായികൾ എന്നിവർ സംസാരിക്കും.
വിദ്യാർത്ഥികൾക്ക് ബിസിനസ് പ്ളാനും പദ്ധതികളും അവതരിപ്പിക്കാനും പ്രോട്ടോടൈപ്പ് ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പ്രദർശിപ്പിക്കാനുള്ള അവസരവും ക്യാമ്പിലുണ്ടാകും.
ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ടീമിന് ഫൈനൽ പിച്ചിങ്ങിലേക്ക് നേരിട്ട് അവസരം ലഭിക്കും. വിജയികളാകുന്ന 10 ടീമുകൾക്ക് 10,000 രൂപയാണ് സമ്മാനമായി നൽകുക. ഇതു കൂടാതെ ഫാബ് ലാബ് കേരളയിൽ സൗജന്യ പരിശീലനവും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ 2 ലക്ഷംവരെ ലഭിക്കുന്ന ഐഡിയ ഫെസ്റ്റിലേക്ക് നേരിട്ട് പ്രവേശനവും ലഭിക്കും. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് അവാർഡ് വിതരണവും കലാപരിപാടികളും നടക്കും.