തിരുവനന്തപുരം: കെട്ടിട സമുച്ചയത്തിൽ നിന്ന് മലിനജലം ഒഴുകിയെത്തി തൊളിക്കോട്ട് കിണറുകൾ മലിനമായെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്‌പെക്ടറും സംയുക്ത പരിശോധന നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. പഞ്ചായത്തും ആരോഗ്യവകുപ്പും പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ സമർപ്പിച്ച സാഹചര്യത്തിലാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമൂട് വാർഡിൽ പുളിമൂടിനും ആനപ്പെട്ടിക്കുമിടയിൽ താമസിക്കുന്ന 17 പേർ എം. അൽ അമീന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തൊളിക്കോട് സ്വദേശി അൻസാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിട സമുച്ചയത്തിനെതിരെയാണ് പരാതി.
പരാതിയുയർന്ന സാഹചര്യത്തിൽ മലിനജലം ശേഖരിക്കാൻ എതിർകക്ഷി സൗകര്യമൊരുക്കിയെന്ന് തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. എന്നാൽ മലയടി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പരാതിക്കാരുടെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന് പറയുന്നു. എതിർ കക്ഷിയുടെ മലിനജല കുഴികളിൽ നിന്നു ഏഴരമീറ്ററിൽ കൂടുതൽ ദൂരവ്യത്യാസം കിണറുകൾക്കുണ്ടെങ്കിലും ചരിഞ്ഞ ഭൂപ്രകൃതിയായതിനാൽ മലിനജലം ഒഴുകിയെത്താൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ ഗൗരവമുള്ളതാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.