pp

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 16ന് പതാകദിനമായി ആചരിക്കും. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും അന്ന് പാർട്ടി പതാക ഉയർത്തും. 30 മുതൽ ഒക്ടോബർ മൂന്നുവരെ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം.

പ്രതിനിധി സമ്മേളനം ടാഗോർ തിയേറ്ററിൽ (വെളിയം ഭാർഗവൻ നഗർ). ​ പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനിയിൽ (പി.കെ.വി. നഗർ). സെമിനാറുകൾ കെ.വി സുരേന്ദ്രനാഥ് നഗറിലും (അയ്യങ്കാളി ഹാൾ) സാംസ്കാരിക സമ്മേളനം കണിയാപുരം രാമചന്ദ്രൻ നഗറിലും (ഗാന്ധി പാർക്ക്) നടക്കും.


സമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാകയുമായുള്ള ജാഥ വയലാറിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് 29ന് പര്യടനമാരംഭിക്കും. സ്വാതന്ത്ര്യ സമരസേനാനി പി.കെ. മേദിനി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന് പതാക കൈമാറും. സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ബാനർ ശൂരനാട് രക്തസാക്ഷി സ്മാരകത്തിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹനൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന് കൈമാറും.


കൊടിമരം നെയ്യാറ്റിൻകര വീര രക്തസാക്ഷി വീരരാഘവന്റെ സ്മാരകത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ. വേണുഗോപാലൻ നായർക്ക് കൈമാറും. ദീപശിഖ പേരൂർക്കട കുടപ്പനക്കുന്നിൽ രക്തസാക്ഷി ജയപ്രകാശിന്റെ സ്മാരകത്തിൽ നിന്നാരംഭിക്കും. മന്ത്രി ജെ. ചിഞ്ചുറാണി മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി. വസന്തത്തിന് കൈമാറും.