
പൂവാർ: തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷീന എസ്.ദാസ് വിജയിച്ചു. നേരത്തെ സി.പി.എം പിന്തുണയോടെ ഇവർ തിരുപുറം പ്രസിഡന്റായിരുന്നു. ഷീന എസ്.ദാസിന് 7 പേരുടെ പിന്തുണയും സി.പി.എം സ്ഥാനാർത്ഥി ശുഭ ദാസിന് 5 പേരുടെ പിന്തുണയും ലഭിച്ചു. ബി.ജെ.പിയിലെ 2 അംഗങ്ങൾ വോട്ട് ചെയ്തില്ല. 14 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് ആറും സി.പി.എമ്മിന് നാലും ബി.ജെ.പിക്ക് രണ്ടും സ്വതന്ത്രർ 2 പേരുമാണുള്ളത്.
നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് വരണാധികാരി അസാധുവാക്കുകയും ഷീന പ്രസിഡന്റാവുകയുമായിരുന്നു. എന്നാൽ വരണാധികാരിയുടെ നടപടിക്കെതിരെ കോൺഗ്രസ് അംഗം എൽ.ക്രിസ്തുദാസ് കോടതിയെ സമീപിക്കുകയും തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് വിജയിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പഴയകടയിൽ ആഹ്ലാദപ്രകടനം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിനോദ് സെൻ, അഡ്വ.മുഹിനുദീൻ, കക്കാട് രാമചന്ദ്രൻ നായർ, ബ്ളോക്ക് പ്രസിഡന്റ് അവനീന്ദ്ര കുമാർ മണ്ഡലം പ്രസിഡന്റ് തിരുപുറം രവി തുടങ്ങിയവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു.