തിരുവനന്തപുരം: ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്നു പണം കവർന്ന ആളിനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പനയറ വീട്ടിൽ നിന്ന് മണക്കാട് ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് പവിത്രൻ (37) ആണ് അറസ്റ്റിലായത്. ഒ.എൽ.എക്സ് വഴി ജോലി ആവശ്യപ്പെട്ട പെൺകുട്ടികളെ ഓക്സ്‌ഫോർഡ് എന്ന സ്വകാര്യ സ്ഥാപന ഉടമ എന്ന നിലയിൽ പരിചയപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ജോലിക്കായി പരസ്യം തയാറാക്കി ഒ.എൽ.എക്സ് വഴി അയയ്ക്കാൻ ആവശ്യപ്പെടും. സ്ഥാപനത്തിൽ യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാണ്. ഇവ നൽകാനായി ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ് . സഹോദരിയുടെ ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു കബളിപ്പിക്കൽ. ഒരു സുഹൃത്തിനെ ഉപയോഗിച്ചാണ് ഇയാൾ ഒ.എൽ.എക്സ് അക്കൗണ്ട് രജിസ്റ്റർ ചെയ്‌തത്. പണം നൽകിയതിനു ശേഷവും ജോലി ലഭിക്കാതായതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയാണ് തട്ടിപ്പിന് ഇരയായവർ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ കരമന പൊലീസിലും പരാതികളുണ്ട്.