പോത്തൻകോട് : കാട്ടായിക്കോണത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദ് (37) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ഒഴുകുപാറ സ്വദേശി അക്ബർ ഒളിവിലാണ്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
നിഷാദും സുഹൃത്ത് അക്ബറും ഒന്നിച്ച് സിറ്റിയിൽ ഓണാഘോഷ ഘോഷയാത്ര കണ്ടു മടങ്ങവേ കാട്ടായിക്കോണത്തു വച്ച് ഇവർ സഞ്ചരിച്ച വാഹനം ബെെക്കിൽ ഉരസിയതുമായി ബന്ധപ്പെട്ട് ഷാജിയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് പോത്തൻകോട് ഭാഗത്തേക്ക് പോയ ഷാജിയെ കാട്ടായിക്കോണം ഒരുവാമൂലയിൽ വച്ച് തടഞ്ഞു നിറുത്തി ക്രൂരമായി മർദ്ദിച്ചു. ബിയർ കുപ്പി കൊണ്ടുള്ള മർദ്ദനത്തിൽ ഷാജിയുടെ തലയ്‌ക്ക് മാരകമായി പരിക്കേറ്റു. അവശനിലയിലായ ഇയാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു.വിൽ ചികിത്സയിലാണ്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന് ശേഷം ഒളിവിൽപ്പോയ നിഷാദിനെ ഇന്ന് വെളുപ്പിന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവാസിയായ നിഷാദ് ഇക്കഴിഞ്ഞ 10 നാണ് വിദേശത്തു നിന്നെത്തിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോത്തൻകോട് പൊലീസ് പറഞ്ഞു.