photo

മുൻവർഷത്തെ അപേക്ഷിച്ച് 2021-22 ൽ 80 ശതമാനം വളർച്ചയാണ് കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്മെന്റ് രംഗത്ത് വല്ലാർപ്പാടം കൈവരിച്ചത്. താരതമ്യേന ചെറിയ കപ്പലുകൾ കൊളംബോയ്‌ക്ക്‌ പകരം വല്ലാർപാടം പെട്ടെന്ന് തിരഞ്ഞെടുത്തു. അതുപോലെ ക്രൂചേഞ്ചിനു വേണ്ടി പല വമ്പൻ കപ്പലുകളും വിഴിഞ്ഞവും തിരഞ്ഞെടുത്തു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുന്നൂറോളം കപ്പലുകളാണ് വിഴിഞ്ഞത്ത് ഔട്ടർ ആങ്കറെജ് നടത്തിയത്. ക്രൂചെയ്ഞ്ച് മാത്രമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. അതിനപ്പുറം പല കാര്യങ്ങളും ഇവിടെ നടന്നു. കപ്പലിലേക്കാവശ്യമായ ആഹാരസാധനങ്ങൾ പല പ്രാവശ്യം ഇവിടെനിന്നും കയറിപ്പോയി. കപ്പലിലേക്ക് ആവശ്യമായ സ്പെയർ പാർട്സ്, സ്റ്റീൽ വയർ റോപ് പോലുള്ള സാധനങ്ങൾ, ജീവനക്കാർക്ക് ആവശ്യമായ മരുന്നുകൾ പോലും ഇവിടുന്നു കയറ്റിവിട്ടു. അടിയന്തര ചികിത്സയ്‌ക്ക് വേണ്ടി ചിലരെ ഇവിടെ ഇറക്കി. ഒരു ചെറിയ കപ്പലിലേക്കാവശ്യമായ ഇന്ധനം നിറച്ചു. കപ്പൽ മാനേജ്മെന്റ് മാറ്റം, കപ്പൽ സർവേ എന്നിവ പുറംകടലിൽ നടന്നു. ചുരുക്കത്തിൽ കപ്പൽ മേഖലയിൽ നടക്കുന്ന കുറച്ചു കാര്യങ്ങളെങ്കിലും ചെയ്യാൻ വിഴിഞ്ഞത്തെ ഉദ്യോഗസ്ഥരും ഏജൻസികളും പ്രാപ്തരാണെന്ന് വളരെപ്പെട്ടെന്ന് തെളിയിക്കപ്പെട്ടു.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന്റെ സാമീപ്യം കപ്പൽ ജീവനക്കാരെ ആകർഷിച്ച മറ്റൊരു ഘടകമാണ്. പല വിദേശ കപ്പൽ ജീവനക്കാരും എയർപോർട്ട് ഉപയോഗപ്പെടുത്തി. ചുരുക്കത്തിൽ കപ്പൽ മേഖലയിലെ പ്രമുഖർ, ഒരു നല്ല വാർഫ് പോലുമില്ലാത്ത വിഴിഞ്ഞത്തെ അവരുടെ ഡാർലിംഗ് പോർട്ട് ആയി പ്രഖ്യാപിച്ചു. ഇന്നലെ വരെ ഒരു മത്സ്യഗ്രാമം മാത്രമായി അറിയപ്പെട്ടിരുന്ന വിഴിഞ്ഞം പെട്ടെന്ന് അന്താരാഷ്ട്ര മേഖലയിൽ ശ്രദ്ധിക്കപ്പെട്ടു.

ഏറ്റവും ചടുലമായ നീക്കമുണ്ടായത് ഭരണതലത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം പദ്ധതിതന്നെ ഉപേക്ഷിക്കപ്പെടുമോ എന്ന തരത്തിലായിരുന്നു അന്നത്തെ പ്രവർത്തനമെങ്കിൽ രണ്ടാം പിണറായി സർക്കാരിൽ പോർട്ട് വകുപ്പിന്റെ ചുമതല ലഭിച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് കാര്യങ്ങൾ നീക്കിയത്. ബേപ്പൂർ പോലുള്ള പോർട്ടുകളുടെ കാര്യത്തിൽപ്പോലും തിടുക്കവും താത്‌പര്യവും കാണിച്ച മന്ത്രി എല്ലാ മാസവും വിലയിരുത്തൽ യോഗങ്ങൾ നടത്തി. ഉയർന്നുവന്ന തടസങ്ങൾ ഓരോന്നായി നീക്കാൻ ശ്രമിച്ചു. ഉദ്യോഗസ്ഥതലത്തിൽ ചില്ലറ അഴിച്ചുപണി നടത്തി. കേരളത്തിന്റെ ചരിത്രത്തിൽ ഇതൊരു പുതിയ അനുഭവമായിരുന്നു. ഒരു ഘട്ടത്തിൽ ഈ വർഷം തന്നെ പേരിനെങ്കിലും വിഴിഞ്ഞത്ത് ഒരു കപ്പലടുത്തേക്കുമെന്ന തികച്ചും അസാദ്ധ്യമായ ഒരു സാദ്ധ്യത പലരും സ്വപ്നംകണ്ടു തുടങ്ങി.

ഇപ്പോൾ അരക്കോടിയോട് അടുത്തെത്തി നിൽക്കുന്ന ഇന്ത്യയുടെ ട്രാൻസ്‌ഷിപ്മെന്റ് കണ്ടെയ്‌നർ വിപണി മോഹിക്കുന്ന എല്ലാ സമീപ പോർട്ടുകളും വിഴിഞ്ഞത്തിന്റെ ചെറിയ ചലനങ്ങൾ പോലും ജാഗ്രതയോടെ പഠിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ ഈ വളരുന്ന ചരക്കുവ്യാപാരം മുന്നിൽക്കണ്ടു പലരും പല മനക്കോട്ടകളും കെട്ടി.

ഹോങ്കോങ്ങിന്റെ വളർച്ച പ്രധാനമായും ചൈന വൻകരയുടെ ഉത്പാദനത്തിന്റെയും വ്യാപാരത്തിന്റെയും നിഴലിലായിരുന്നു. ചൈന ലക്ഷ്യം വയ്ക്കുന്ന ആഗോള വ്യാപാരികളുടെ ആദ്യ ഇടത്താവളം ഹോങ്കോങ് ആണ്. എയർ ട്രാവൽ, ബാങ്കിംഗ്, ടൂറിസം, വ്യാപാരം, മാദ്ധ്യമങ്ങൾ എന്നിവകളുടെ വലിയ വളർച്ചയും വികാസവും നമുക്കവിടെ കാണാൻ കഴിയും.

തത്ക്കാലം നമുക്ക് ഇന്ത്യയുടെ ചരക്ക് പ്രതീക്ഷിക്കുന്ന ദുബായ്, സലാല, പോർട്ട്‌ ക്‌ളാങ്, സിങ്കപ്പൂർ എന്നീ പോർട്ടുകളെ മാറ്റിനിറുത്താം. കാരണം ഇന്ത്യയുടെ ചരക്കില്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിനേടിയവരാണ് ഈ പോർട്ടുകളും രാജ്യങ്ങളും. എന്നാൽ ശ്രീലങ്കയുടെ അവസ്ഥ അങ്ങനെയല്ല. അവർ കൈകാര്യം ചെയ്യുന്ന ചരക്കിന്റെ 70 ശതമാനവും ഇന്ത്യയിൽ നിന്നും പോകുന്നതോ അല്ലെങ്കിൽ ഇന്ത്യയിലേക്ക് വരുന്നതോ ആണ്. അതായത് ശ്രീലങ്കയെന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത് തന്നെ ഇന്ത്യയുടെ ചരക്കുകളെ അടിസ്ഥാനമാക്കിയാണ്. അവിടുത്തെ വ്യാപാരസമൂഹം കണ്ട, അല്ലെങ്കിൽ ഇപ്പോഴും കാണുന്ന സ്വപ്നങ്ങളിലൊന്നിനെക്കുറിച്ച് സൂചിപ്പിക്കാനാണ് ഹോങ്കോങ് കഥ നേരത്തെ പറഞ്ഞുവച്ചത്. ചൈന മെയിൻ ലാന്റിനെ ആശ്രയിച്ച്, ഹോങ്കോങ് വളർന്ന മാതൃകയിൽ ഇന്ത്യയെ ആശ്രയിച്ച് കോളംബോ വളരണം. ഇത് അത്ര ചെറുതല്ലാത്ത ഒരു മോഹം തന്നെയാണെന്ന് ആർക്കും മനസ്സിലാകും. അങ്ങനെ അവർ മോഹിക്കുന്നതിൽ അവരെ തെറ്റു പറയാൻ കഴിയില്ല. സ്വന്തം രാജ്യം വളരണമെന്നാഗ്രഹിക്കുന്നത് മോശം കാര്യമല്ലല്ലോ? അത്തരമൊരു സ്വപ്നം മുന്നിൽക്കണ്ട് പലരും ശ്രീലങ്കയുടെ റിയൽ എസ്റ്റേറ്റ് രംഗത്ത് പണം ഇറക്കിക്കഴിഞ്ഞു. അതിൽ മലയാളികൾ വരെയുണ്ട്. ചൈന ശ്രീലങ്കയിൽ നാളിതുവരെയായി ഏകദേശം 1500 കോടി ഡോളർ ( ഇന്ത്യയുടെ ജിഡിപി യുടെ നാലിലൊന്ന്) നിക്ഷേപിച്ചു കഴിഞ്ഞു. കൊളംമ്പോ, ഹമ്പൻതോട്ട പോർട്ടുകൾ, കൊളംബോ പോർട്ട്‌ സിറ്റി പ്രൊജക്ട്, റോഡ് നെറ്റ്‌വർക്ക്, പവർ പ്ലാന്റ് തുടങ്ങിയവയിലാണ് ഈ നിക്ഷേപങ്ങൾ അവർ നടത്തിയത്. 2027 ൽ കടൽ നികത്തിയെടുത്ത 665 ഏക്കർ പോർട്ട്‌ സിറ്റിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കുക ആയിരുന്നു ലക്ഷ്യം. ഇതിൽ 300 ഏക്കറോളം വരുന്ന ഒരു സ്വതന്ത്ര രാജ്യം 99 വർഷത്തേക്ക് ചൈനയ്ക്ക് അവിടെ കിട്ടുന്നു എന്നതും അടിവരയിടേണ്ട വസ്തുതയാണ്. ഈ നിക്ഷേപങ്ങളെല്ലാം ചൈന നടത്തിയത് അന്തർദേശീയ കപ്പൽപാതയിലുള്ള ഒരു പ്രദേശത്തിന്റെ വളർച്ച മുന്നിൽക്കണ്ടാണ്. അത്തരത്തിൽ പണമിറക്കിയവരുടെ 'ആപ്പിൾ കാർട്ട്' തകരുന്നതാണ് വിഴിഞ്ഞം പദ്ധതി. ഒരു കാലത്തും ഈ പദ്ധതി നടപ്പാവില്ലെന്ന് കരുതിയവർ ശ്രീലങ്കയിൽ മാത്രമല്ല നാട്ടിലുമുണ്ട്. ശ്രീലങ്കയോട് വളരെ അടുപ്പമുള്ള ഒരു കേന്ദ്രമന്ത്രി ഒരു ഘട്ടത്തിൽ വിഴിഞ്ഞത്തിന്റെ ഫയൽ അക്ഷരാർത്ഥത്തിൽ വലിച്ചെറിയുക പോലുമുണ്ടായി. വിഴിഞ്ഞം പദ്ധതി നടത്താതിരിക്കാനോ നീട്ടിക്കൊണ്ട് പോകാനോ പലരും ശ്രമിച്ചു, അട്ടിമറി ശ്രമങ്ങൾ അവിശ്വസനീയമായിരുന്നു. ഇത്രയധികം പരീക്ഷകളും പരീക്ഷണങ്ങളും നേരിട്ട ഒരു പദ്ധതി ലോകത്തു തന്നെ ഉണ്ടാകുമോ?

ഏകദേശം 2000 വർഷങ്ങളുടെ പാരമ്പര്യം വിഴിഞ്ഞം പോർട്ടിനുണ്ടെന്ന് പല രേഖകളും സൂചിപ്പിക്കുന്നു. ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരിക്കാൻ സാദ്ധ്യത കാണുന്ന തരത്തിൽ കേരള സർവകലാശാല ആർക്കിയോളജിവിഭാഗം നടത്തിയ പര്യവേക്ഷണത്തിൽ സൂചനകൾ ലഭിച്ചു. ഒരു അന്തർദേശീയ പോർട്ട് എന്ന നിലയിൽ വിഴിഞ്ഞം (ബലിത എന്നതായിരുന്നുവത്രെ അന്നത്തെ പേര്) നേടിയ വളർച്ച തൊട്ടടുത്ത പാണ്ഢ്യ രാജാക്കന്മാരിൽ അസൂയ ഉണർത്തുകയും അവർ യുദ്ധത്തിൽ അന്നത്തെ ചോളനാട്ടുരാജ്യം കീഴടക്കുകയും പോർട്ടിലുണ്ടായിരുന്ന കപ്പലുകൾ കത്തിച്ചുകളയുകയും ചെയ്‌തു എന്ന ചരിത്ര രേഖകൾ പലതും ലഭ്യമാണ്. വിഴിഞ്ഞം പോർട്ട് കത്തിച്ചു കീഴടക്കിയ രാജാവിന്റെ പേരിനോടൊപ്പം 'കലമറുത്താൻ' എന്ന കീർത്തി നാമം കൂടി ലഭിച്ചുവത്രേ! പിന്നെ വിഴിഞ്ഞം നീണ്ട നിദ്ര‌യിൽ ആയിരുന്നു.

തിരുവിതാംകൂർ രാജാവ് മൂലം തിരുനാൾ രാമവർമയുടെ കാലത്ത്,1905 ൽ വിഴിഞ്ഞം തുറമുഖം ആരംഭിക്കാൻ ശ്രമങ്ങൾ തുടങ്ങിയെങ്കിലും നടന്നില്ല. ആഗ്രഹിച്ച പല പദ്ധതികളും പൂർത്തിയാക്കിയ സർ സി.പി 1945 ൽ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഒരു ശ്രമം നടത്തിയെങ്കിലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.

പ്രതാപത്തിൽ നിന്നും പരിതാപത്തിലേക്കു കൂപ്പുകുത്തിയ വിഴിഞ്ഞം തുറമുഖത്തിന്റെ ശാപമോക്ഷമായിരുന്നു 2015 ചിങ്ങം ഒന്നിന് സംഭവിച്ചത് ! കല്ലിടലുകളും ഉദ്‌ഘാടനങ്ങളും നിരവധി കണ്ട കേരളത്തിൽ വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകില്ലെന്ന് തീർച്ചപ്പെടുത്തിയവരെ നിരാശപ്പെടുത്തുന്ന വേഗതയായിരുന്നു ഈ അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാം കണ്ടത്.

ഇപ്പോളൊരു ബ്രേക്കിട്ടാൽ പദ്ധതി നിൽക്കുമെന്ന ഒരു ഗൂഢാലോചന എവിടെയാണ് നടന്നതെന്ന് തെളിയാതിരിക്കില്ല, കാരണം വിഴിഞ്ഞം പദ്ധതിക്കെതിരെ സമീപകാലത്ത് നടന്ന എല്ലാ രഹസ്യനീക്കങ്ങളും താനേ പുറത്തുവരികയായിരുന്നു. അതുപോലെ നിരപരാധികളായ മത്സ്യത്തൊഴിലാളികളെ ബന്ധികളാക്കിയുള്ള ഈ സമരത്തിന്റെ യഥാർത്ഥ അജണ്ടയും കാലം തെളിയിക്കും. കാരണം വിഴിഞ്ഞം പദ്ധതി ജ്വലിച്ചു മിന്നുന്ന ഒരു സത്യമാണ്! ഇനി ആർക്കുമത് മൂടിവയ്‌ക്കാൻ കഴിയില്ല.

(വിഴിഞ്ഞവുമായി അടുത്ത് ബന്ധമുള്ള ലേഖകൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ളയാളാണ് )