കല്ലമ്പലം: നാലംഗ ഭിന്നശേഷി കുടുംബത്തിന്റെ കിണറിൽ കക്കൂസ് മാലിന്യം കലരുന്നു. ഒറ്റൂർ ഞെക്കാട് ശ്രീലക്ഷ്മിയിൽ ബിനോയിയുടെ കിണറിലാണ് സമീപമുള്ള ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കക്കൂസ് മാലിന്യം കലരുന്നത്. ഇതുമൂലം അടുത്തുള്ള വീടുകളിൽ നിന്നുമാണ് ഇവർ കുടിവെള്ളം കൊണ്ടുവരുന്നത്. ബിനോയിയെ കൂടാതെ ഭാര്യ പൂജയും പതിനൊന്നും നാലും വയസുള്ള രണ്ട് ആൺകുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. കുടുംബം ഇവിടെ താമസമാക്കിയിട്ട് രണ്ടു വർഷം കഴിഞ്ഞു. 9 മാസം മുമ്പാണ് സ്കൂളിൽ ഇവരുടെ കിണറിന് സമീപം കക്കൂസ് സ്ഥാപിച്ചത്. അത്യാവശ്യം വാഷ് റൂമായി ഉപയോഗിക്കുമെന്നാണ് അന്ന് സ്കൂളധികൃതർ പറഞ്ഞിരുന്നത്. എന്നാൽ എൻ.എസ്.എസ് ക്യാമ്പ് നടന്നപ്പോൾ കുട്ടികൾക്ക് ഉപയോഗിക്കാനായി ഇവിടമാണ് തുറന്നു നൽകിയത്. അതു കഴിഞ്ഞപ്പോഴാണ് വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും. നാലുപേർക്കും ചെവി കേൾക്കാനും സംസാരിക്കാനും സാധിക്കാത്തതിനാൽ പൂജയുടെ മാതാവാണ് ഇതുസംബന്ധിച്ച് ഹെൽത്തിൽ വിവരമറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ ജലം പരിശോധനയ്ക്ക് കൊണ്ടുപോകുകയും പരിശോധനയിൽ കിണറിൽ സോപ്പും വിസർജ്ജ്യവും കലർന്നിട്ടുള്ളതായി റിപ്പോർട്ടുകിട്ടുകയും ചെയ്തു. ഈ റിപ്പോർട്ടുമായി പഞ്ചായത്തുൾപ്പെടെ സ്ഥാപനങ്ങളിൽ കയറിയിറങ്ങിയെങ്കിലും ഈ സാധു കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.