
തിരുവനന്തപുരം: ബാങ്ക് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുവീണ് ജീവനക്കാരൻ മരിച്ചു. എസ്.ബി.ഐയുടെ ഭവന വായ്പ മാർക്കറ്റ് ചെയ്യുന്ന പുറത്തുനിന്നുള്ള ഏജൻസിയായ എസ്.ബി.ഐ ക്യാപ്പ് സെക്യൂരിറ്റി (എസ്.എസ്.എൽ) വിഭാഗത്തിലെ കൺസൾട്ടിംഗ് ജീവനക്കാരനായ തക്കല പദ്മനാഭപുരം കൊട്ടാരത്തിന് സമീപം രാമസ്വാമി കോവിൽ സ്ട്രീറ്റിലെ ആദർശാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 9.45ഓടെ ആയിരുന്നു സംഭവം. എസ്.ബി.ഐയുടെ തൈക്കാട് ബ്രാഞ്ച് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് ആദർശ് വീണത്. രാവിലെ ജോലിക്കെത്തിയ ആദർശ് ഫോണിൽ സംസാരിച്ചുകൊണ്ട് നാലാം നിലയിലേക്ക് കയറിപോകുന്നത് ഒപ്പമുള്ളവർ കണ്ടിരുന്നു. അല്പസമയത്തിനകം നാലാംനിലയുടെ കൈവരിയുടെ ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോലിസംബന്ധമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സ്ഥാനക്കയറ്റത്തിന് കമ്പനി പരിഗണിക്കവേയായിരുന്നു അപകടമെന്നും സഹപ്രവർത്തകർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ഈ ഓഫീസിലെ ജീവനക്കാരനായ ആദർശ് മലയിൻകീഴ് പൊലീസ് സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത മ്യൂസിയം പൊലീസ് ആത്മഹത്യാ സാദ്ധ്യതയും പരിശോധിക്കുമെന്ന് അറിയിച്ചു. റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ ശ്രീകുമാരൻ നായരുടെയും ശശികലയുടെയും മകനാണ്. ഭാര്യ: ആശ. മക്കൾ: അഞ്ചാംക്ളാസ് വിദ്യാർത്ഥി ഋഷികേശ്, രണ്ടാംക്ളാസ് വിദ്യാർത്ഥി പവിത്ര. സഹോദരൻ: അഭിലാഷ്. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് മാറനല്ലൂരിലെ പൊതുശ്മശാനമായ ആത്മനിദ്രാലയത്തിൽ.