
പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ചെയർമാൻ
വ്യാജ നിയമന ഉത്തരവ് നൽകി തട്ടുന്നത് ലക്ഷങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വംബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിലും ഓഫീസുകളിലും വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം നൽകി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിക്കുന്ന സംഘത്തെക്കുറിച്ച് പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അതിനാൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
റിക്രൂട്ട്മെന്റ് ബോർഡിന്റെ ലെറ്റർ ഹെഡും സീലുകളും മുദ്രകളും ഒപ്പുകളുമടക്കം വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്. റിക്രൂട്ട്മെന്റ് ഓഫീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പേരും തട്ടിപ്പിനുപയോഗിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിലെ ക്ളറിക്കൽ തസ്തികയുടെ പേരിലും തട്ടിപ്പിന് ശ്രമമുണ്ടായി. ജോലി വാഗ്ദാനം നൽകി ഏഴുലക്ഷം രൂപാവരെയാണ് തട്ടിപ്പ് സംഘം ഈടാക്കുന്നത്.
ശാസ്താംകോട്ട ഡി.ബി കോളേജിലെ അദ്ധ്യാപകന്റെ ഭാര്യയും മാവേലിക്കര പരുമല സ്വദേശിയുമായ യുവതിയ്ക്ക് ക്ഷേത്ര കലാപീഠത്തിൽ ക്ലറിക്കൽ തസ്‌തികയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിച്ചത് മൂന്ന് ലക്ഷത്തോളം രൂപ. മുഖ്യപ്രതിയായ കണ്ണമംഗലം കടവൂർ, കല്ലിട്ട കടവിൽ വി.വിനീഷ് രാജനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇയാൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചവറയിലെ ഒരു ശാന്തിക്കാരനും ശാസ്‌താംകോട്ട സ്വദേശിനിയും കബളിപ്പിക്കപ്പെട്ടു. തിരുവനന്തപുരത്തും തട്ടിപ്പിന് ശ്രമമുണ്ടായി. തട്ടിപ്പിനിരയായ പലരും പരാതി നൽകാൻ തയ്യാറാവുന്നില്ലെന്നും ചെയർമാൻ പറഞ്ഞു.
18ന് നടക്കുന്ന ക്ലാർക്ക് പരീക്ഷ സുതാര്യമാണ്. ഒ.എം.ആർ പരീക്ഷയ്ക്കുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. അതനുസരിച്ച് അതത് ദേവസ്വം ബോർഡുകളാണ് നിയമന ശുപാർശ അയയ്ക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
കണ്ടെത്തിയത്
തപാൽ വകുപ്പ്
കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവാവിന് ചെന്നൈ ഗ്ലോബൽ ജോബ് പ്ലേസ്‌മെന്റ് സെന്ററിൽ നിന്നെത്തിയ നിയമന ശുപാർശ വിലാസം തെറ്റായതിനാൽ തിരികെ പോസ്റ്റ് ഓഫീസിലെത്തി. ദേവസ്വം റിക്രൂട്ട്മെന്റ് ഓഫീസിൽ ക്ലറിക്കൽ തസ്തികയിൽ നിയമിച്ചുകൊണ്ടുള്ളതായിരുന്നു ഉത്തരവ്. ചെന്നൈ വിലാസത്തിൽ കത്ത് മടക്കി അയയ്ക്കാൻ പോസ്റ്റ് ഓഫീസ് ജീവനക്കാർ ബന്ധപ്പെട്ടപ്പോൾ വിലാസം വ്യാജമാണെന്ന് വ്യക്തമായി. തുടർന്ന് റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വിവരമറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. ചെന്നൈ പൊലീസിൽ പരാതി നൽകി. തട്ടിപ്പിനിരയായ യുവാവിന്റെ കൃത്യമായ വിലാസം കിട്ടാത്തതിനാൽ ബന്ധപ്പെടാനായിട്ടില്ല.