
തിരുവനന്തപുരം: മലയാളികൾ അമിതമായി മരുന്നിനെ ആശ്രയിക്കുന്നുവെന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കവേ,സംസ്ഥാനത്ത് പ്രതിവർഷം ഉപയോഗിക്കുന്നത് 9000 കോടിയുടെ മരുന്നെന്ന് റിപ്പോർട്ട്. കേരളത്തിൽ ഒരാൾ മരുന്നിനായി പ്രതിവർഷം ശരാശരി 2,567 രൂപ ചെലവഴിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നാഷണൽ ഹെൽത്ത് അക്കൗണ്ടിന്റെ കണക്ക് പ്രകാരം മലയാളികൾ പ്രതിവർഷം 34,548 കോടി ആരോഗ്യത്തിനായി ചെലവഴിക്കുന്നു. അതായത് പ്രതിവർഷം ഒരാൾ 9,871 രൂപ ചികിത്സയ്ക്കായി ചെലവാക്കുന്നു. ഇത് ദേശീയ ശരാശരിയുടെ നാലിരട്ടിയാണ്. ആരോഗ്യചെലവിലും മരുന്ന് ഉപഭോഗത്തിലും രാജ്യത്ത് മുൻനിരയിലാണ് കേരളം. കേരളത്തിൽ 88.43 ശതമാനം ഡോക്ടർമാരുടെ കുറിപ്പടിയോടെ മരുന്നുവാങ്ങുമ്പോൾ 11.57 ശതമാനം പേർ സ്വയം ചികിത്സ നടത്തിയാണ് മരുന്നുവാങ്ങുന്നത്. രാജ്യത്ത് വിറ്റഴിക്കുന്ന മരുന്നിന്റെ 13ശതമാനവും മൂന്നര കോടി ജനങ്ങളിലേക്കാണ് എത്തുന്നതെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് മരുന്നിനായി ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്നത് ബീഹാറാണ്. പ്രതിവർഷം 298 രൂപയാണ് ഒരു ബീഹാറി ചെലവാക്കുന്നത്. ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഹിമാചൽപ്രദേശ്, ബംഗാൾ, ഹരിയാന, പഞ്ചാബ്, യു.പി, കേരളം എന്നിവയാണ്. കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ അസാം, ഉത്തരാഖണ്ഡ്, ബീഹാർ, തമിഴ്നാട്, കർണാടകം എന്നിവയാണ്.
വിട്ടുവീഴ്ചയില്ലാത്ത ആരോഗ്യസംരക്ഷണം
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യസംരക്ഷണത്തിൽ ഏറെ മുന്നിലാണെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന് തെളിവാണ് ഉയർന്ന ആയുർദൈർഘ്യവും കുറഞ്ഞ ശിശുമരണ നിരക്കും. കുഞ്ഞുങ്ങളെ ശിശുരോഗവിദഗ്ദ്ധനെ കാണിക്കുന്നത് മുതൽ വിദഗ്ദ്ധ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്നത് കേരളത്തിൽ മാത്രമാണ്. അതേസമയം കുത്തക മരുന്ന് കമ്പനികൾക്ക് വേണ്ടി ചില ഡോക്ടർമാർ മരുന്ന് ഉപയോഗം അമിതമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന മറുവാദവുമുണ്ട്.
'നവജാത ശിശുക്കൾക്ക് മുതൽ കിടപ്പ് രോഗികൾക്ക് വരെ കേരളം പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. അത് മാതൃകാപരമാണ്. യഥാസമയം ചികിത്സ കിട്ടാത്ത, ഒരു മെഡിക്കൽ സ്റ്റോറിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സാഹചര്യമാണ് ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ.
-കെ.ജി.രവികുമാർ, മുൻ മേധാവി, ക്ലിനിക്കൽ ഫാർമസി വിഭാഗം
തിരുവനന്തപുരം മെഡിക്കൽ കോളേജ്
മരുന്നിനായുള്ള ചെലവ്
(പ്രതിവർഷം ഒരാൾക്ക് എന്ന നിലയിൽ)
കേരളം - 2567 രൂപ
ഹിമാചൽ പ്രദേശ് - 1700 രൂപ
ബംഗാൾ -1499 രൂപ
ആന്ധ്രപ്രദേശ് -1488 രൂപ
യു.പി - 1118 രൂപ
പഞ്ചാബ് -1224 രൂപ
ഗുജറാത്ത് - 590 രൂപ
കർണാടകം - 510 രൂപ
ഉത്തരാഖണ്ഡ് - 411 രൂപ
ഛത്തീസ്ഗഡ് - 401 രൂപ
അസാം -386 രൂപ
ബീഹാർ - 298 രൂപ