തിരുവനന്തപുരം: യുവാക്കളുടെ സംരംഭകത്വശേഷി വർദ്ധിപ്പിക്കാൻ കാമ്പസുകളിൽ ഇന്നോവേഷൻ ഇക്കോസിസ്​റ്റം അടക്കമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഒക്ടോബറിൽ ഇന്തോനേഷ്യയിൽ നടക്കുന്ന ഷെൽ ഇക്കോ മാരത്തോണിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.

സൈദ്ധാന്തികമായ അറിവ് പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ഇതുവഴി തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവും. കണക്ട് കരിയർ ടു കാമ്പസ് പദ്ധതി വഴി കാമ്പസുകളിൽ നൈപുണ്യ പരിശീലനത്തെക്കുറിച്ച് അവബോധം വളർത്തിയെടുക്കുമെന്നും മന്ത്റി പറഞ്ഞു. വിദ്യാർത്ഥികൾക്ക് അസാപ് കേരള നൽകുന്ന സഹായധനവും മന്ത്റി കൈമാറി.

ലോകമെങ്ങുമുള്ള എൻജിനിയറിംഗ് വിദ്യാർത്ഥികൾ സൂപ്പർ മൈലേജ് കാറുകൾ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന മത്സരമാണ് ഷെൽ ഇക്കോ മാരത്തൺ ഇന്റർനാഷണൽ എനർജി എഫിഷ്യൻസി നാഷണൽ കോമ്പ​റ്റീഷൻ. ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യാതല ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ ദേശീയ ഇവന്റിലേക്കാണ് പ്രവേഗ എന്ന് പേരിട്ടിരിക്കുന്ന ടീം യോഗ്യത നേടിയത്. ദക്ഷിണേന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഏക ടീമാണിത്.

ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈ​റ്റസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ബിജുലാൽ ഡി തുടങ്ങിയവർ പങ്കെടുത്തു.