
ആറ്റിങ്ങൽ: വർണാഭമായ ഘോഷയാത്രയോടെ ആറ്റിങ്ങലിലെ ഓണാഘോഷവും ടൂറിസം വാരാഘോഷവും സമാപിച്ചു. ആറ്റിങ്ങൽ ഐ.ടി.ഐക്ക് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ദേശീയപാതയിലൂടെ കടന്ന് കച്ചേരി ജംഗ്ഷൻ ഡയറ്റ് സ്കൂളിൽ സമാപിച്ചു. നഗരത്തിലെ എല്ലാ സ്കൂളുകളും സന്നദ്ധ സംഘടനകളും ഘോഷയാത്രയിൽ പങ്കെടുത്തു. തെരുവുനായശല്യം, മയക്കുമരുന്ന് ഉപയോഗം എന്നിവയായിരുന്നു ഫ്ലോട്ടുകളിൽ ഭൂരിഭാഗവും. റോളർ സ്കേറ്റിംഗ്, ബാൻഡ് മേളം, ചെണ്ടമേളം, പഞ്ചവാദ്യം, മൈലാട്ടം, കേരളീയ മങ്കമാർ, പുലിക്കളി, കഥകളി, പാണ്ടിക്കോലം, മുത്തുക്കുട, തമ്പോല, കളരി തുടങ്ങിവ ഘോഷയായ്രയിലുണ്ടായിരുന്നു. ഘോഷയാത്ര കാണാൻ ദേശീയപാതയുടെ ഇരുവശവും ജനം തിങ്ങിനിറഞ്ഞിരുന്നു. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നഗരസഭയുടെ ഗ്രാമപ്രദേശങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വൈദ്യുത ദീപാലങ്കാരവും പ്രൊഫഷണൽ നാടകോത്സവവും ശ്രദ്ധനേടി. നഗരസഭാങ്കണത്തിലെ വേദിയിൽ വിവിധ കലാപരിപാടികൾ എല്ലാദിവസവും അരങ്ങേറിയിരുന്നു. സമാപന സമ്മേളനം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം മാളവിക മേനോൻ മുഖ്യാതിഥി ആയിരുന്നു. തുളസീധരൻ പിള്ള, തോട്ടയ്ക്കാട് ശശി, പൂജ ഇക്ബാൽ, കണ്ണൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ എന്നിവർ സംസാരിച്ചു.