tanker

 'സുജലം സുലഭത്തിലൂടെ ' വാട്ടർ അതോറിട്ടിക്ക് ലഭിച്ചത് 5.11കോടി

തിരുവനന്തപുരം: കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ടാങ്കർ ലോറികൾ വഴി വെള്ളമെത്തിച്ചതിലൂടെ രണ്ടുവർഷം കൊണ്ട് വാട്ടർ അതോറിട്ടി നേടിയ വരുമാനം 5.11 കോടി. 2020 ഫെബ്രുവരിയിൽ ആരംഭിച്ച ' സുജലം സുലഭം' പദ്ധതിയുടെ ഈ വർഷം ആഗസ്റ്റ് വരെയുള്ള കണക്കാണിത്. ആഗസ്റ്റ് 31വരെ ആകെ 17.33 കോടിയാണ് ലഭിച്ച വരുമാനം. ഇതിൽ 5.11 കോടിയാണ് വാട്ടർ അതോറിട്ടിക്ക് ലഭിച്ചത്. സർവീസ് ചാർജ് ഇനത്തിൽ കോർപ്പറേഷന് 91 ലക്ഷം രൂപയും ലഭിച്ചു. ശേഷിക്കുന്ന തുക ടാങ്കർ പമ്പിംഗ്, വിതരണ ഫീസായി ടാങ്കർ ഉടമകൾക്കാണ് ലഭിച്ചത്.

പദ്ധതി ഇങ്ങനെ


കുടിവെള്ളത്തിന് സ്വകാര്യ ടാങ്കറുകൾ അമിത നിരക്ക് ഈടാക്കുന്നതു സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് വാട്ടർ അതോറിട്ടിയും കോർപ്പറേഷനും സുജലം സുലഭം പദ്ധതി ആരംഭിച്ചത്. ക്വാറികൾ,വൃത്തിഹീനമായ കുളങ്ങൾ,ആറുകൾ തുടങ്ങിയിടങ്ങളിൽ നിന്നാണ് സ്വകാര്യ ടാങ്കറുകൾ വെള്ളം ശേഖരിച്ചിരുന്നത്. ഇവ ശുദ്ധീകരിക്കാതെയാണ് വിതരണം ചെയ്തിരുന്നത്. നിലവിൽ ജലഅതോറിട്ടിയുടെ പ്രീപെയ്ഡ് കൂപ്പണെടുത്ത് സ്വകാര്യ ടാങ്കറുകൾ റസിഡന്റ്‌സ് അസോസിയേഷനുകൾക്കും ഫ്ളാറ്റുകൾക്കും കുടിവെള്ളം നൽകുകയാണ് ചെയ്യുന്നത്. അസോസിയേഷനുകൾ സ്വകാര്യ ടാങ്കറുകളെ കുടിവെള്ള വിതരണത്തിനായി നേരിട്ട് സമീപിച്ചിരുന്നതാണ് ടാങ്കർ ഉടമകൾ ദുരുപയോഗം ചെയ്‌തിരുന്നത്. സാധാരണ പൈപ്പ് വെള്ളത്തിന് വാട്ടർ അതോറിട്ടി 1000 ലിറ്ററിന് 6 രൂപയാണ് ഈടാക്കുന്നത്. ഉത്പാദനച്ചെലവാകട്ടെ 23 രൂപയുമാണ്.

നിരക്കുകൾ ( രൂപയിൽ )


 1000 ലിറ്റർ വെള്ളം: 612
 ടാങ്കറിന്റെ നിരക്ക്: 531
 വാട്ടർ അതോറിട്ടി ചാർജ്: 66
 കോർപ്പറേഷൻ: 25 (1000 ലിറ്ററിന്)


 നോഡൽ ഏജൻസി: തിരുവനന്തപുരം കോർപ്പറേഷൻ
 ടാങ്കറുകൾ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തവ
 ബുക്കിംഗ്: ഓൺലൈൻ/സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി

17.33 കോടി
ആകെ വരുമാനം

5.11 കോടി
വാട്ടർ അതോറിട്ടിക്ക് ലഭിച്ച തുക

91.11 ലക്ഷം
കോർപ്പറേഷന് ലഭിച്ച തുക

8,​26,​372 കിലോലിറ്റർ
ഇതുവരെ നൽകിയ ടാങ്കർ വെള്ളം

96,​387
ആകെ ട്രിപ്പുകൾ

ജില്ലയിൽ 6 വെൻഡിംഗ്

പോയിന്റുകൾ
അരുവിക്കര, പി.ടി.പി, ചൂഴാറ്റുകോട്ട, വാളക്കോട്, വെള്ളയമ്പലം, ആനത്താഴ്ചിറ ( കണിയാപുരം )