kk

വർക്കല: കഴിഞ്ഞ വ്യാഴാഴ്ച പനത്തുറയിൽ കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായ മുഹമ്മദ് മുസ്‌തഫയുടേതാണെന്ന്‌ (16)​ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സംശയത്തെ തുടർന്നാണ് ഡി.എൻ.എ പരിശോധന നടത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മുതലപ്പൊഴി ബോട്ടപകടത്തിൽപ്പെട്ടവരിൽ വർക്കല രാമന്തളി സ്വദേശി അബ്ദുൾ സമദിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

മുഹമ്മദ് മുസ്‌തഫയുടെ സഹോദരൻ മുഹമ്മദ് ഉസ്‌മാന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ബോട്ടുടമ കഹാറിന്റെ മക്കളാണ് ഇരുവരും. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മർവ എന്ന ബോട്ട് മറിഞ്ഞ് 23 പേർ അപകടത്തിൽപ്പെട്ടത്. വർക്കല ഗവ.സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് മുസ്‌തഫ. ആദരസൂചകമായി സ്‌കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.