paippe-line

പാറശാല: പാറശാലയിൽ ഇന്നലെയും പൈപ്പ് പൊട്ടി. ദേശീയ പാതയിൽ പരശുവയ്ക്കലിലെ കനറാ ബാങ്കിന് സമീപം ഇന്നലെ വെളുപ്പിനാണ് പൈപ്പ് പൊട്ടിയത്. ഇതുമൂലം പാറശാലയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ രാത്രി വരെ കുടിവെള്ള വിതരണം മുടങ്ങിയത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കി. വാട്ടർ ടാങ്ക് ഇല്ലാതെ പൈപ്പിലൂടെ എത്തിക്കുന്ന വെള്ളം നേരിട്ട് വിതരണം നടത്തുന്ന പദ്ധതിയാണ് പാറശാലയിൽ ഉള്ളത്. അതുകൊണ്ടുതന്നെ പൈപ്പ് ലൈൻ പൊട്ടുമ്പോഴെല്ലാം രണ്ട് ദിവസത്തേക്ക് കുടിവെള്ളം മുടങ്ങും. പരശുവയ്ക്കലിലെ വണ്ടിച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളം പാറശാലയിൽ ഉയർന്ന പ്രദേശങ്ങളിൽ എത്തിക്കുന്നതിനായി അമിത മർദ്ദത്തിൽ പമ്പ് ചെയ്യുന്നത് കാരണമാണ് പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നെങ്കിലും കഴിഞ്ഞ അൻപത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കാലപ്പഴക്കവും നിലവാരമില്ലാത്തതുമായ സിമന്റ് പൈപ്പിലൂടെ കൂടുതൽ മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുന്നതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. വണ്ടിച്ചിറയിൽ പതിനൊന്ന് കോടിയിൽ പരം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വെള്ളം കടത്തി വിടേണ്ട പൈപ്പ് മാറ്റി സ്ഥാപിക്കാൻ തയ്യാറാവാത്തത് വർഷങ്ങളായി പാറശാലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ നിലനിറുത്തുക എന്നലക്ഷ്യത്തോടെയാണെന്ന് നാട്ടുകാർ പറയുന്നു. കോടികൾ ചെലവഴിച്ച് നിർമ്മിച്ച റബറൈസ്ഡ് ടാർ ചെയ്ത് റോഡ് പൈപ്പ് പൊട്ടൽ കാരണം സഞ്ചാര യോഗ്യമല്ലാതായി.