തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ലോകത്തിന് അക്ഷരവെളിച്ചം തെളിച്ച മഹാത്മാവാണ് ചട്ടമ്പിസ്വമികളെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിജ്ഞാനമാണ് എല്ലാ ചൂഷണത്തെയും തടയാനുള്ള മാർഗമെന്ന് സ്വാമികൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് ജിജ്ഞാസയ്ക്ക് ശമനം വരുത്താൻ ആർക്കും വേദപഠനത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തിദിനമായ ഇന്നലെ കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നവോത്ഥാന കേരളത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. പുരോഗമന പന്ഥാവിലൂടെയുള്ള നമ്മുടെ മുന്നോട്ടുപോക്കിന് ചട്ടമ്പിസ്വാമികളുടെ ചിന്തകൾ പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ആരോഗ്യവിദഗ്ദ്ധൻ ഡോ.എം.കെ.സി. നായർ,​ കവി പ്രൊഫ.വി.മധുസൂദനൻ നായർ എന്നിവർക്ക് വിദ്യാധിരാജ പുരസ്കാരങ്ങൾ മന്ത്രി നൽകി. വി.കെ. പ്രശാന്ത് എം.എൽ.എ,​ നടുവട്ടം ഗോപാലകൃഷ്ണൻ,​ കൗൺസിലർ ശരണ്യ എസ്.എസ്,​ യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ,​ സെക്രട്ടറി വിജു വി. നായർ,​ കൺവീനർ കെ.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.