
ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്നവരും അതിനായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നവരും കേരളീയരാണെന്ന് നേരത്തേ തന്നെ പല സർവേകളും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 9000 കോടിയുടെ മരുന്നാണെന്നും ഒരാൾ മരുന്നിനായി 2,567 രൂപയാണ് പ്രതിവർഷം ചെലവഴിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ നാഷണൽ ഹെൽത്ത് അക്കൗണ്ട് നൽകുന്ന കണക്ക് തുലോം വ്യത്യസ്തമാണ്. ഇതിൽ പറയുന്നത് പ്രതിവർഷം മലയാളികൾ 34,548 കോടി ആരോഗ്യത്തിനായി ചെലവഴിക്കുന്നു എന്നാണ്. അതായത് പ്രതിവർഷം ഒരാൾ 9871 രൂപ ചികിത്സയ്ക്കായി ചെലവാക്കുന്നു. ഇത് ദേശീയ ശരാശരിയുടെ നാലിരട്ടിയാണ്. വസ്തുതാപരമായി യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്തുനിൽക്കുന്നത് നാഷണൽ ഹെൽത്ത് അക്കൗണ്ടിന്റെ കണക്കുകളാണെന്ന് വിദഗ്ദ്ധർ പറയുന്നു.
മലയാളികൾ ഇത്രയും കൂടുതൽ മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ഒരു പഠനം തന്നെ നടത്തേണ്ടതുണ്ട്. കേരളത്തിൽ 88.43 ശതമാനം പേർ ഡോക്ടർമാരുടെ കുറിപ്പോടുകൂടി മരുന്ന് വാങ്ങുമ്പോൾ 11.57 ശതമാനം പേർ സ്വയം ചികിത്സയാണ് നടത്തുന്നത്. ഇത് രോഗികളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ. ചില പ്രത്യേക മരുന്നുകൾ എഴുതാൻ ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ വാരിക്കോരി സൗജന്യങ്ങൾ നൽകുന്നതായും വാർത്തകളുണ്ട്. ഡോളോ - 650 എന്ന പാരസെറ്റമോളിന്റെ വില്പന കൂട്ടാൻ ബംഗളൂരു ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ആയിരം കോടിയുടെ സൗജന്യങ്ങൾ ഡോക്ടർമാർക്ക് നൽകിയതായി ആരോപണം ഉയർന്നിരുന്നു. കമ്പനികൾ ഇത്തരം സൗജന്യങ്ങൾ നൽകുന്നത് തടഞ്ഞുകൊണ്ട് 2015 മുതൽ നിയമം നിലവിലുണ്ടെങ്കിലും അതു നടപ്പായിട്ടില്ല. നിയമം നടപ്പാക്കുന്നത് ഉറപ്പാക്കുന്ന ഒരു സംവിധാനവും നിലവിൽ വന്നിട്ടില്ല. മരുന്നുകളുടെ ജെനറിക് പേരുകൾ മാത്രമേ ഡോക്ടർമാർ കുറിപ്പടിയായി നൽകാവൂ എന്ന നിർദ്ദേശവും ഭൂരിപക്ഷം പേരും പാലിക്കുന്നില്ല.
ഇന്ത്യയിൽ വിറ്റഴിക്കുന്ന മരുന്നിന്റെ 13 ശതമാനവും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിലേക്കാണ് എത്തുന്നത് എന്നത് ആശങ്കയുളവാക്കുന്നു. ഇപ്പോൾ പല രോഗത്തിനും ആജീവനാന്തം മരുന്ന് കഴിക്കേണ്ട അവസ്ഥയാണ്. ആരോഗ്യരംഗം വാണിജ്യവത്‌ക്കരിക്കപ്പെട്ടതിന്റെ ദുരന്തഫലങ്ങളിൽ ഒന്നാണത്. കേരളത്തിൽ ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. ചികിത്സയ്ക്ക് ഒന്നാന്തരം സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകൾ ഉണ്ടെങ്കിലും മദ്ധ്യവർഗത്തിൽപ്പെട്ടവർ പോലും ആധുനിക സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. ഈ പ്രവണതയിൽ മാറ്റം വരുത്തണം. ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ തീരാൻ ചില സ്വകാര്യ ആശുപത്രികളിൽ ഏതാനും ദിവസത്തെ ചികിത്സ മതി. അതുപോലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ പിഴവുകളെ സംബന്ധിച്ചും ആരും അന്വേഷിക്കാറില്ല. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് ഒരു പുതിയ പൊതുജനാരോഗ്യ നയത്തിന് സർക്കാർ രൂപം നൽകേണ്ടതുണ്ട്.
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അവശ്യമരുന്ന് പട്ടികയിൽ പ്രമേഹം, അർബുദം, മഞ്ഞപ്പിത്തം, എയ്‌ഡ്‌സ്, ന്യുമോണിയ തുടങ്ങിയവയ്ക്കുള്ള 34 പുതിയ മരുന്നുകൾ ഉൾപ്പെടുത്തിയത് ആശ്വാസകരമാണ്. അർബുദത്തിനുള്ള കൂടുതൽ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുള്ളതു കേന്ദ്രം പരിഗണിക്കണം.