
ആറ്റിങ്ങൽ: മാലിന്യ പരിപാലനത്തിൽ ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകൾക്കെല്ലാം മാതൃകയായിരിക്കുകയാണ് ആറ്റിങ്ങൽ നഗരസഭ. മാലിന്യം സംഭരിക്കുന്നതിനും തരംതിരിച്ച് സംസ്‌കരിക്കുന്നതിനും മികവുറ്റ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചുടുകാട് എന്നറിയപ്പെടുന്ന സ്ഥലത്ത് 4.20 ഏക്കറിലാണ് മാലിന്യപരിപാലനകേന്ദ്രം. ഇവിടെ 20 സെന്റ് പൊതുശ്മശാനത്തിനായി മാറ്റിയിട്ടുണ്ട്. നഗരപ്രദേശത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ ഹരിതകർമ്മസേന ശേഖരിച്ച് ഇവിടെയെത്തിക്കുകയും തരംതിരിച്ച് സംസ്‌കരിക്കുന്നതുമാണ് രീതി. മാലിന്യത്തിൽ നിന്ന് ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ്, വിൻഡ്രോ കമ്പോസ്റ്റ് എന്നിവ ഉല്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വളം കൃഷിഭവൻ വഴിയും നേരിട്ടും കർഷകർക്ക് വിതരണം ചെയ്യും. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ടാറിംഗിനുവേണ്ടി സ്വകാര്യ കമ്പനികൾക്കും നൽകും. 4 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. 16 ടൺ മാലിന്യം ഒരു ദിവസം സംഭരിക്കും.
നഗരസഭ കണ്ടിജൻസി ജീവനക്കാരുടെ നേതൃത്വത്തിലാണ് മാലിന്യം സംഭരിച്ച് പ്ലാന്റിലെത്തിക്കുന്നത്. ഇതിനായി 43 ജീവനക്കാരുണ്ട്. 21 വനിതകളും രണ്ട് പുരുഷന്മാരുമാണ് പ്ലാന്റിലെ ജീവനക്കാർ. ഇതുകൂടാതെ കൂടുതൽ മാലിന്യങ്ങൾ വരുന്ന മാർക്കറ്റുകളുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംസ്‌കരണപ്ലാന്റുകൾ ഒരുക്കിയിട്ടുണ്ട്. എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് ബിന്നുകളും നൽകിയിട്ടുണ്ട്. കാസർകോട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് പ്ലാന്റ് നടത്തിപ്പ് ചുതല നിർവഹിക്കുന്നത്.