photo1

 സംഭവം നന്ദിയോട് ചുണ്ടകരിക്കകം ജംഗ്ഷനിൽ  യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പാലോട്: നന്ദിയോട് ചുണ്ടകരിക്കകം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു.

കെ ഫോൺ കരാർ ജോലിക്കാരായ കാട്ടാക്കട സ്വദേശി മനീഷ്, ആര്യനാട് സ്വദേശി സൂരജ് എന്നിവരാണ് സംഭവ സമയം കാറിലുണ്ടായിരുന്നത്.

നെടുമങ്ങാട് പനയ്ക്കോട് സ്വദേശിയിൽ നിന്ന് കെ ഫോൺ ജോലികൾക്കായി വാടകയ്‌ക്കെടുത്ത കാറാണിത്. ബൈക്കിൽ പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പുക ഉയരുന്നതായി അറിയിച്ചതിനെ തുടർന്ന് കാർ നിറുത്തി ഇവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒപ്ടിക്കൽ ഫൈബർ ജോയിന്റ് ചെയ്യുന്ന മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നശിച്ചു. വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീഅണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലോട് പൊലീസ് കേസെടുത്തു.

പൊലീസ് ഉദ്യോഗസ്ഥന്റെ

ഇടപെടൽ നിർണായകമായി

കാറിന് തൊട്ടുപിന്നിലായി ബൈക്കിൽ സഞ്ചരിച്ച പാലോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കെ.എൻ. രതീഷിന്റെ സമയോചിത ഇടപെടലാണ് യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടതിന് കാരണം. ഓഫീസ് ആവശ്യങ്ങൾക്കായി നെടുമങ്ങാട്ടേക്ക് പോകുമ്പോഴാണ് കാറിന്റെ പുകക്കുഴലിൽ നിന്ന് തീ പടരുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

അതിവേഗം കാറിനെ മറികടന്ന രതീഷ് വാഹനം നിറുത്തിച്ചു. യാത്രക്കാർ പുറത്തിറങ്ങുമ്പോഴേക്കും കാറിൽ തീ പൂർണമായും പടരുകയായിരുന്നു. പാലോട് സ്റ്റേഷനിലും ഫയർഫോഴ്സിലും വിവരമറിയിച്ചതും ഇദ്ദേഹമാണ്. പാലോട് നിന്നുള്ള പൊലീസ് സംഘമെത്തുന്നതുവരെ റോഡിലെ ഗതാഗത നിയന്ത്രണവും ഇദ്ദേഹം നടത്തി.