തിരുവനന്തപുരം: സമരത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ പ്രദേശത്തെ നിർമ്മാണം നിറുത്തിവച്ച് ഒരു മാസം പിന്നിട്ടതോടെ പലിശയിനത്തിൽ മാത്രം അദാനി ഗ്രൂപ്പിന് നഷ്‌ടം 62 കോടി രൂപ. പദ്ധതിക്കായി ഇതുവരെ 3600 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നിക്ഷേപിച്ചത്. സ്ഥലമേറ്റെടുക്കലിന് സർക്കാർ മുടക്കിയ പണം ഉൾപ്പെടെ കണക്കുകൂട്ടുമ്പോൾ നിക്ഷേപം 5000 കോടി കടക്കും.
കേന്ദ്രവും സംസ്ഥാനവും ചേർന്ന് നൽകേണ്ട 1600 കോടി രൂപ വിഹിതം ഇതുവരെയും അദാനിക്ക് കിട്ടിയിട്ടില്ല. നിർമ്മാണം നിലച്ചതോടെ മുടക്കിയ പണത്തിന് ഒരു രൂപയുടെ പോലും നേട്ടമില്ലാതെ പോകുന്നുവെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. വർക്കിംഗ് കലണ്ടർ അനുസരിച്ചുളള നിർമ്മാണങ്ങളെല്ലാം താളം തെറ്റി. മാർച്ചിൽ തുറമുഖം കമ്മിഷൻ ചെയ്യുമെന്ന് തുറമുഖ വകുപ്പ് ആവർത്തിക്കുമ്പോഴും 2023 ഡിസംബറിന് മുമ്പെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.
സർക്കാർ പറയുന്നതുപോലെ പ്രവർത്തിക്കുകയാണെന്നും പദ്ധതിയുടെ മുന്നോട്ടുപോക്കിൽ ആശങ്കയുണ്ടെന്നും ഇവർ പറയുന്നു. നിർമ്മാണം നിറുത്തിവച്ച് തീരശോഷണത്തെപ്പറ്റി പഠനം നടത്തുന്നത് പ്രായോഗികമല്ല. ലത്തീൻ അതിരൂപതയുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം സമ്മതിച്ചാലും നിർമ്മാണം നിറുത്തിവയ്‌ക്കുന്നതിനെതിരായ കോടതി വിധിയാണ് അദാനി ഗ്രൂപ്പിന്റെ തുറുപ്പുചീട്ട്.

ഇടപെടുമെന്ന് മുഖ്യമന്ത്രി

നിർമ്മാണം പുനരാരംഭിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഉറപ്പുനൽകി. ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. നിർമ്മാണസ്ഥലത്തേക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടാനുളള സാഹര്യമുണ്ടാക്കണമെന്ന് അഹമ്മദ് ദേവർകോവിൽ മുഖ്യമന്ത്രിയോട് പറഞ്ഞു.
സമരം നീളുന്നത് സംസ്ഥാനത്തിന് മോശം പ്രതിച്ഛായ സൃഷ്‌ടിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി വി. വേണുവും ഡി.ജി.പി അനിൽകാന്തും വിഴിഞ്ഞത്ത് സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി ചർച്ച നടത്തി.

'വളരെ ബുദ്ധിമുട്ടിയാണ് അദാനി ഗ്രൂപ്പിനെ തുറമുഖ നിർമ്മാണത്തിന് കൊണ്ടുവന്നത്. എന്തു ത്യാഗം സഹിച്ചും പദ്ധതി നടപ്പിലാക്കണം. വിഴിഞ്ഞം പദ്ധതി നീളുന്നത് കാരണമുള്ള നഷ്‌ടം അദാനിക്കല്ല, സംസ്ഥാനത്തിനാണ്.'

ജിജി തോംസൺ,
മുൻ ചീഫ് സെക്രട്ടറി