
ഭൂമിയിൽ ജീവന്റെ ആദ്യസ്ഫുരണങ്ങളുണ്ടായത് ജലത്തിലാണ്. ഭൂമിയുടെ എഴുപത്തിയൊന്നു ശതമാനവും ജലമാണ്. ജലസഞ്ചയത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലാണ് വ്യാപിച്ചുകിടക്കുന്നത്. കരയേക്കാൾ മുന്നൂറു മടങ്ങ് അധിവാസ പ്രദേശങ്ങളുള്ള സമുദ്രങ്ങളിലാണ് ഭൂമിയിലെ ജൈവോത്‌പാദനത്തിന്റെ 85 ശതമാനവും കാണപ്പെടുന്നത്. വിവിധ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക സേവനങ്ങൾ മാനവരാശിക്കു നൽകുന്നത് സമുദ്രങ്ങൾ തന്നെയാണ്. ഭൂമിയിലെ ഓക്സിജൻ കലവറയുടെ 75 ശതമാനവും പ്രോട്ടീന്റെ 50 ശതമാനവും ലഭ്യമാകുന്നതും സമുദ്ര ആവാസ വ്യവസ്ഥയാണ്. ഭക്ഷ്യോത്‌പാദനത്തിൽ 25 ശതമാനവും നേരിട്ട് നൽകുന്നതും സമുദ്രങ്ങളാണ്
ആഗോള താപനത്തിന്റെയും കാലാവസ്ഥ മാറ്റത്തിന്റെയും ഫലമായി സമുദ്രത്തിന് വല്ലാതെ ചൂടുപിടിക്കുന്നു. നാളെ അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനമാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി വിഭാഗത്തിന്റെ ആഹ്വാനമനുസരിച്ച് ലോകത്താകെ തീരങ്ങൾ കേന്ദ്രീകരിച്ച് വിവിധപരിപാടികൾ നടക്കുന്നു. ഭാരതത്തിലും കേന്ദ്ര ഭൗമമന്ത്രാലയം, വനം -പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻ.സി.സി, നാഷണൽ സർവീസ് സ്കീം, ദേശീയ പരിസ്ഥിതിസംരക്ഷണ സമിതി, സ്ഥാപനങ്ങൾ, വകുപ്പുകൾ, വിവിധ ഏജൻസികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഏഴായിരത്തി അഞ്ഞൂറോളം കിലോമീറ്റർ വരുന്ന കടൽത്തീരങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പരിപാടികൾ നടക്കുകയാണ്. കേരളത്തിലെ ഒൻപത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 590 കിലോമീറ്റർ തീരങ്ങളിലും ഓരോ കിലോമീറ്ററിലും 75 പേർ എന്ന കണക്കിൽ ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നൂറു പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികളുമുണ്ട്.
ഭൂമിയുടെ അധിക താപനത്തിന് കാരണമാകുന്ന വാതകങ്ങളെ സമുദ്രം വലിച്ചെടുക്കുന്നതിനാൽ സസ്യജന്തു പ്ളവകങ്ങളുടെ നിലനിൽപ്പിനുൾപ്പെടെ വെല്ലുവിളികളുയർത്തുകയും ചെയ്യുന്നുണ്ട്. കരയിൽ ചൂടുകൂടുന്ന കടൽഭാഗങ്ങളിൽ നിന്ന് ചാള (മത്തി) പോലുള്ള മത്സ്യങ്ങൾ ഉൾക്കടലിലേക്കും മറ്റ് തീരങ്ങളിലേക്കും മാറിപ്പോകുന്നതും നാം കാണുന്നു.
മാനവരാശിക്കാവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതിൽ ഉപരിതല സസ്യപ്ളവകങ്ങൾക്ക് വലിയ പങ്കാണുള്ളത്. അതിതീവ്രമായ കാറ്റും മഴയും കടലാക്രമണവും തീരം ഇടിച്ചിലും നിത്യസംഭവമായി മാറുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ആഗോള താപനം മൂലമുണ്ടാകുന്ന അധിക ചൂടിന്റെ 93 ശതമാനവും വലിച്ചെടുക്കുന്നത് സമുദ്രങ്ങളാണ്. കരയിലെന്നപോലെ കടലിലും ഉഷ്ണതരംഗങ്ങൾ കൂടുതലായി രൂപപ്പെടുന്നതും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
കുറഞ്ഞ സ്ഥലങ്ങളിൽ ചെറിയ കാലയളവിൽ കൂടിയ മഴയെന്ന പുതിയ രീതിക്ക് കടലിലെ മാറ്റവും ഒരു കാരണമാണ്. പശ്ചിമഘട്ടത്തിലും മദ്ധ്യേന്ത്യൻ സംസ്ഥാനങ്ങളിലും മഴയുടെ തീവ്രത പതിവിലും കൂടുതലാവുകയാണ്. ചെറിയ കാലയളവിൽ മഴ വരുമ്പോൾ തീവ്രമഴക്കാലവും തുടർന്ന് വരൾച്ചയും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ജൂൺ മുതൽ സെപ്തംബർ വരെ അറബിക്കടലിൽ നിന്നും വീശുന്ന മഴക്കാറ്റിൽ നിന്നാണ് ഇന്ത്യൻ മൺസൂൺ സജീവമാകുന്നത്. എന്നാൽ 1950നും 2015നുമിടയ്ക്ക് പത്തു മുതൽ ഇരുപത് ശതമാനം മഴയിൽ കുറവ് വന്നിട്ടുണ്ട്. വാർഷിക മഴയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ഥലകാല വ്യത്യാസവും നമ്മുടെ ജലാശ്രിത മേഖലകളുടെ താളം തെറ്റിക്കുന്നതാണ്. ആഗോളതാപനത്തിന്റെ ലോക ശരാശരി ഒരു ഡിഗ്രി സെന്റിഗ്രേഡാണ്. ഇന്ത്യയിലെ കരയിൽ ഇവ 0.7 ഡിഗ്രി സെന്റിഗ്രേഡാണ്. എന്നാൽ അറബിക്കടലിന്റെ ഉപരിതല ഉൗഷ്‌മാവ് ഒരു പോയിന്റ് രണ്ട് ഡിഗ്രി സെന്റിഗ്രേഡാണ്.
മാലിന്യത്തിന്റെ
കടലാഴം
കരയിലെ മാലിന്യങ്ങളുടെ അവസാന ഉറവിടമായി കടലുകളെ നാം മാറ്റിത്തീർക്കുകയാണ്. കേരളത്തിലെ നദികളിൽ ഭൂരിഭാഗവും ലക്ഷദ്വീപിയൻ കടലുകളിലാണ് പതിക്കുന്നത്. നദികളിലൂടെ ഒഴുകിയെത്തുന്ന പ്ളാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങൾ നശിപ്പിക്കുന്നത് സമുദ്രതീരങ്ങളെയും തുടർന്ന് സമുദ്രങ്ങളെയുമാണ്. വൻകര തട്ടും വൻകര ചരിവുമെല്ലാം കടന്ന് ആഴക്കടലുകളിലേക്ക് പ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യം ചെന്നെത്തിയിട്ടുണ്ട്. രണ്ടായിരത്തി അൻപതോടുകൂടി മത്സ്യസമ്പത്തിനെക്കാൾ കൂടുതൽ പ്ളാസ്റ്റിക് ഉത്‌പന്നങ്ങൾ കടലുകളിലുണ്ടാകാമെന്ന നിരീക്ഷണങ്ങളും മുന്നിലുണ്ട്. കരയിൽ ഗർത്തങ്ങളുണ്ടാക്കി ഉൾക്കടലിന്റെ അടിവശങ്ങളിലേക്ക് ദ്രവമാലിന്യങ്ങൾ ഒഴുക്കിവിടുന്ന രീതിയും കണ്ടുവരുന്നുണ്ട്. ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സുരക്ഷിതയിടമായി കടലിനെ കാണുന്നവരും കുറവല്ല.
മലിനമാക്കപ്പെടുന്ന
തീരങ്ങൾ
ഒരുദിവസം ശരാശരി നാൽപ്പത്തിയാറ് ടൺ പ്ളാസ്റ്റിക് മാലിന്യങ്ങൾ വിവിധ രൂപത്തിൽ കടലിന്റെ തീരങ്ങളിലെത്തുന്നുണ്ട്. തീര ആവാസ വ്യവസ്ഥയെ സമഗ്രമായി പരിഗണിക്കാതെ നടക്കുന്ന വികസന പ്രവർത്തനങ്ങൾ, നിർമ്മിതികൾ, നിർമ്മാണ ഘടകങ്ങൾ എന്നിവയും തീരശോഷണത്തിന് നിദാനമാവുന്ന ഘടകങ്ങളാണ്.
കടലുകളുടെ തീരങ്ങളിൽ വലിച്ചെറിയുന്ന ചെറിയ പ്ളാസ്റ്റിക് കഷണങ്ങൾ നേരിട്ട് മത്സ്യങ്ങൾ ഭക്ഷിക്കുന്നുണ്ട്.
തീരദേശങ്ങളിലെ കണ്ടൽക്കാടുകളുടെ നാശവും പ്രതിസന്ധികളെ തീവ്രമാക്കുന്നു. കടലിലെ ഉപ്പുവെള്ളത്തിന്റെ സ്വാധീനം കൂടുതലായി കരഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിനുള്ള പ്രധാന ഘടകം ചെറുതും വലുതുമായ കണ്ടൽക്കാടുകളാണ്. കേരളത്തിന്റെ തീരദേശങ്ങളിൽ നാൽപ്പതുവർഷം മുൻപ് എഴുന്നൂറു ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകൾ ഉണ്ടായിരുന്നത് നിലവിൽ പതിനേഴിനും ഇരുപത്തഞ്ചിനുമിടയ്ക്ക് ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ പൊതു കുടിവെള്ള സ്രോതസാണ് നദികൾ. വേനൽക്കാലങ്ങളിൽ പെരിയാറിലുൾപ്പെടെ ഉപ്പുവെള്ളം ധാരാളമായി നദികളുടെ ഉള്ളിലേക്ക് വ്യാപിക്കുന്നത് മൂലം കുടിവെള്ളത്തിനുള്ള വെള്ളം പമ്പുചെയ്യാൻ പലപ്പോഴും കഴിയാറില്ല. ഉപ്പുരസത്തെ നിയന്ത്രിക്കുന്നതിൽ കണ്ടൽക്കാടുകൾക്ക് വലിയ സ്ഥാനമാണുള്ളത്. തീരദേശ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ഏതൊരു കുറവും തീരശോഷണവും ഇല്ലാതാക്കുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതം കൂടിയാണ്.
മനുഷ്യർ വിവേചനരഹിതമായി കരയിലും തീരങ്ങളിലും വലിച്ചെറിയുന്ന പ്ളാസ്റ്റിക്കുൾപ്പെടെയുള്ള ഖരദ്രവ മാലിന്യങ്ങൾ കടലിന്റെ ജീവനെടുക്കുന്നു.
തീരദേശം നമ്മുടെ ജീവന്റെ നിലനില്പിന്റെ പ്രധാന മേഖലകളാണ്. പ്ളാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി കുറയ്ക്കുക, പുനരുപയോഗവും പുനചക്രമണവും പ്രോത്സാഹിപ്പിക്കുക, പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ കൃത്യമായി വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുക, ബദൽ ലുത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും വേണ്ടിവരും. എന്തായാലും തീരങ്ങൾ ഭൂമിയുടെ നാഡികളാണ്. തീരങ്ങളെ പരമാവധി സുരക്ഷിതവും പരിശുദ്ധവുമായി മാറ്റിയെടുക്കേണ്ടത് നമ്മുടെ നിലനില്പിനാവശ്യമാണ്. മലിനമാകുന്ന തീരങ്ങളും സമുദ്രങ്ങളും ഇല്ലാതാക്കുന്നത് നമ്മുടെ ഭക്ഷ്യസമ്പത്തിനെ മാത്രമല്ല ജീവവായുവിനെയും കൂടിയാണ്. സുരക്ഷിതവും ശുദ്ധവുമായ തീരം നമ്മുടെ ലക്ഷ്യമാവട്ടെ.
ലേഖകൻ സംസ്ഥാന മുൻ ജലവിഭവവകുപ്പ് ഡയറക്ടറും സമുദ്രതീര ശുചീകരണ സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാനുമാണ് ഫോൺ: 9847547881