sarath

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കാൻ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കാമെന്ന ധാരണയുമായി ജനറൽബോഡി യോഗത്തിനൊരുങ്ങിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ടി. ശരത്ചന്ദ്രപ്രസാദിന്റെ മത്സര ഭീഷണി.

ശശി തരൂർ എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ മനസ്സാക്ഷി വോട്ടാകാമെന്ന് കെ. സുധാകരൻ പ്രതികരിച്ചതിൽ പ്രതിഷേധിച്ചും, സംസ്ഥാനത്തെമ്പാടും സജീവ പ്രവർത്തകരെ നേതൃത്വം തഴയുകയാണെന്ന്

ആരോപിച്ചുമാണ് ശരത്ചന്ദ്രപ്രസാദ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയത്. തീരുമാനത്തിലുറച്ചു നിന്ന ശരത്തിനെ അനുനയിപ്പിക്കാൻ നേതാക്കൾ ഇടപെട്ടതോടെയാണ്, രാവിലെ 11ന് ആരംഭിക്കേണ്ടിയിരുന്ന ജനറൽബോഡി യോഗം അര മണിക്കൂർ വൈകിയത്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കെ. സുധാകരനും കെ.സി. ജോസഫും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ശരത് ചന്ദ്രപ്രസാദ് പിന്തിരിഞ്ഞത്. ഭാരത് ജോഡോ യാത്രയുമായി രാഹുൽഗാന്ധി കേരളത്തിലുള്ളപ്പോൾ, സംസ്ഥാനത്ത് പാർട്ടി ഒറ്റക്കെട്ടല്ലെന്ന സൂചന പോലും പാടില്ലെന്ന് ചെന്നിത്തല ശരത്തിനോട് വ്യക്തമാക്കി.

താൻ നെഹ്റു കുടുംബത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ് ശരത് ചന്ദ്രപ്രസാദ് പറഞ്ഞത്. തരൂരിനോടുള്ള അനുകൂല നിലപാടിൽ നിന്ന് സുധാകരൻ പിന്മാറണം. സംസ്ഥാന കോൺഗ്രസ് ഒറ്റക്കെട്ടായി നെഹ്റു കുടുംബത്തിനൊപ്പമാണെന്ന് പരസ്യമായി വ്യക്തമാക്കണം. തഴയപ്പെട്ട് കിടക്കുന്ന കഴിവുള്ള പ്രവർത്തകർക്ക് പാർട്ടിയിൽ മതിയായ പരിഗണന കിട്ടണമെന്നും ശരത് ആവശ്യപ്പെട്ടു. ശരത്തിന്റെ ആവശ്യങ്ങളോട് സുധാകരൻ വിയോജിച്ചില്ല. അപസ്വരങ്ങളുണ്ടാകില്ലെന്ന് അനൗപചാരിക ധാരണയിലെത്തിയ ശേഷമാണ് ജനറൽബോഡി യോഗത്തിലേക്ക് കടന്നത്. ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ പ്രതികരണം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് സുധാകരൻ ശരത്തിനോട് പറഞ്ഞു.

നേതാക്കളുടെ

തള്ളിക്കയറ്റമില്ലാതെ

നേതാക്കൾ ഇടിച്ചുകയറുന്ന കോൺഗ്രസിന്റെ സ്ഥിരം ശൈലിക്ക് വിരുദ്ധമായിരുന്നു ഇന്നലത്തെ ജനറൽബോഡി യോഗം. പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വര, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ അറിവ് അഴകൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ എന്നിവർ മാത്രമേ വേദിയിലിരുന്നുള്ളൂ.

മുതിർന്ന നേതാവ് എ.കെ. ആന്റണി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരെല്ലാം സദസ്സിലിരുന്നു.

തരൂരും മുല്ലപ്പള്ളിയുമില്ല

എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കേൾക്കുന്ന ശശി തരൂർ, കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അസാന്നിദ്ധ്യം യോഗത്തിൽ ശ്രദ്ധേയമായി. ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായതിനാൽ വി.എം. സുധീരനും കുടുംബപരമായ അസൗകര്യങ്ങൾ കാരണം ഉമ്മൻ ചാണ്ടിയും യോഗത്തിനെത്തിയില്ല. എന്നാൽ ജനറൽബോഡിയുടെ കാര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നില്ലെന്നും പറയുന്നു. കോട്ടയത്ത് നിന്ന് രാവിലെ തലസ്ഥാനത്തെത്തിയിട്ടും അദ്ദേഹം യോഗത്തിനെത്താതിരുന്നത് ഇതിനാലാണെന്ന് സൂചനയുണ്ട്. ഇന്നലത്തെ മുഴുവൻ കെ.പി.സി.സി അംഗങ്ങളുടെയും ഒപ്പ് രജിസ്റ്ററിൽ ഉറപ്പാക്കിയ ശേഷമാണ് യോഗം ആരംഭിച്ചത്.