തിരുവനന്തപുരം: സ്മാർട്ട് സി​റ്റി പദ്ധതിയിൽപ്പെട്ട തലസ്ഥാനത്തെ പ്രധാന റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. വകുപ്പുകളുടെ ഏകോപനമുണ്ടാക്കാൻ റോഡ് ഫണ്ട് ബോർഡ് നടപടിയെടുക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

62 റോഡുകളെ മൂന്ന് പാക്കേജുകളായി തരംതിരിച്ചിട്ടുണ്ടെന്നും ഐ.പി.ഇ ഗ്ലോബൽ എന്ന ഏജൻസിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതെന്നും റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കമ്മിഷനിൽ റിപ്പോർട്ട് നൽകി. 380 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി, ടെലിഫോൺ ലൈനുകൾ എന്നിവ റോഡിനടിയിലൂടെയായിരിക്കും. 2021 ഫെബ്രുവരി 11 നാണ് ഡൽഹിയിലെ രണ്ടു കമ്പനികളുമായി കരാർ ഒപ്പിട്ടത്. 62 ൽ 13 റോഡുകളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ബാക്കി ഉടൻ ആരംഭിക്കും.

എന്നാൽ, പല റോഡുകളും കുഴിച്ചിട്ടിരിക്കുകയാണെന്നും ഐ.പി.ബി ഗ്ലോബലിനെ പുറത്താക്കിയിട്ടും അക്കാര്യം ബോർഡ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും പരാതിക്കാരൻ അറിയിച്ചു. കവടിയാർ സ്വദേശി എം.ഹരികുമാറാണ് പരാതിക്കാരൻ.