
പെരിന്തൽമണ്ണ: കൊളത്തൂർ വെങ്ങാട് ആളില്ലാത്ത സമയത്ത് വീടിന്റെ വാതിൽ തകർത്ത് 45 പവനും 30,000 രൂപയും 15,000 രൂപയുടെ മൂന്ന് വാച്ചുകളും യു.എ.ഇ ദിർഹവും കവർന്ന കേസിൽ അന്തർ സംസ്ഥാന കവർച്ചാസംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് പഴയവിളാത്തിൽ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടയ്ക്കൽ പ്രിയാ സദനത്തിൽ പ്രവീൺ(40), ആലുവ നൊച്ചിയ സ്വദേശി കുറ്റിനാംകുടി സലീം (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് കവർച്ച ലക്ഷ്യമിട്ട് ശേഖരിച്ചിരുന്ന ഗ്യാസ് കട്ടർ അടക്കമുള്ള ആയുധശേഖരവും ഇവരിൽ നിന്ന് പിടിച്ചു.
നാലിന് പുലർച്ചെയാണ് കൊളത്തൂർ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ള വടക്കേക്കര വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടന്നത്. മൂന്നാംതീയതി വൈകിട്ട് വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് എന്നിവരെയുൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. വ്യാജ നമ്പർ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലും കാറുകളിലും മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. സലീമിനെ ആലുവ ടൗണിൽ നിന്നും കൊപ്ര ബിജുവിനെ പെരിങ്ങാലയിലെയും പ്രവീണിനെ ഷൊർണ്ണൂരിലെയും വാടകവീടുകളിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അങ്കമാലി, കൊളത്തൂർ, പെരിന്തൽമണ്ണ, കൊപ്പം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചോദ്യംചെയ്യലിൽ ലഭിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.