 
തിരുവനന്തപുരം: സർക്കാർ പറയുന്നിടത്ത് ഒപ്പിടുന്ന റബർസ്റ്റാമ്പല്ല താനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുപ്പിച്ചതോടെ, നിയമസഭ പാസാക്കി അയച്ച11ബില്ലുകളിൽ മൂന്നെണ്ണമെങ്കിലും ത്രിശങ്കുവിലാവുമെന്നുറപ്പായി.ഇന്നലെ കോട്ടയത്ത് എം. ജി സർവകലാശാലയിലെ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ലോകായുക്ത, വൈസ്ചാൻസലർ നിയമനം, സഹകരണസംഘം എന്നീ നിയമഭേദഗതി ബില്ലുകൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥരുമായും മറ്റ് നിയമവിദഗ്ധരുമായുമുള്ള ആശയവിനിമയത്തിൽ ഗവർണർക്ക് ബോദ്ധ്യമായെന്നാണ് അറിയുന്നത്. ബില്ലുകളിൽ ഭരണ, പ്രതിപക്ഷ ചർച്ചയുടെ പരിഭാഷ ഗവർണർ നിയമസഭ സെക്രട്ടറിയിൽ നിന്ന് വാങ്ങി. എതിർവാദങ്ങൾ കൃത്യമായി അറിയാനാണിത്.
ലോകായുക്തയാവുന്ന സുപ്രീംകോടതി, ഹൈക്കോടതി റിട്ട. ജഡ്‌ജിമാരുടെ ഉത്തരവുകൾ നിയമസഭയ്‌ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാമെന്ന ഭേദഗതി നിയമമായാൽ ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ബില്ലിലെ വ്യവസ്ഥ പ്രകാരം നിയമസഭയിലെ ഭൂരിപക്ഷം വച്ച് ലോകായുക്ത ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനും ആയുധമാക്കാം. നടപടി റിപ്പോർട്ട് 90ദിവസത്തിനകം ലോകായുക്തയ്‌ക്ക് നൽകണമെന്ന ഭേദഗതി കൗതുകകരമാണ്.
സർവകലാശാല നിയമ ഭേദഗതി
വൈസ്ചാൻസലർ നിയമന ഭേദഗതി നിയമമായാൽ, സർക്കാരിന്റെ നിയമനശുപാർശ അംഗീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാവും. വി.സി നിയമനത്തിന്റെ സ്വതന്ത്രസ്വഭാവം ഇല്ലാതാവും. കേരള സർവകലാശാലാ വി.സി നിയമനത്തിന് ഗവർണർ ഇറക്കിയ വിജ്ഞാപനം മറികടക്കാനാണ് ഭേദഗതിക്ക് മുൻകാലപ്രാബല്യം. നിലവിലെ വി.സിമാരുടെ കാലാവധി ഒരു ടേം നീട്ടാനും സർക്കാർ ലക്ഷ്യമിടുന്നു.
സഹകരണ നിയമഭേദഗതി
മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ നിയമഭേദഗതി നിയമമായാൽ തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമാവില്ല. അഡ്മിനിസ്ട്രേറ്റർമാരായ ഉദ്യോഗസ്ഥർക്ക് വോട്ടവകാശം ലഭിച്ചാൽ രാഷ്ട്രീയക്കാരുടെ താത്പര്യമാവും സംരക്ഷിക്കപ്പെടുക. ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടും. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്നതിനാൽ ഭേദഗതി ഭരണഘടനാവിരുദ്ധമാണ്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് നിലവിൽ വോട്ടവകാശം. മിൽമയുടെ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പിൽ 56 അഡ്മിനിസ്ട്രേറ്റർമാർ വോട്ട് ചെയ്‌തതിൽ ഹൈക്കോടതിയിൽ കേസുള്ളതിനാൽ കോടതിയലക്ഷ്യവുമാവും.
ഭരണഘടന പ്രതിസന്ധിയുണ്ടാവില്ല
ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാൻ ഗവർണർ ആഗ്രഹിക്കാത്തതിനാൽ എട്ട് ബില്ലുകളിൽ ഒപ്പിട്ടേക്കും.
ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസർവീസ്, പി.എസ്.സി, വ്യവസായ ഏകജാലക ക്ലിയറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം, ധനഉത്തരവാദിത്വ ഭേദഗതി തുടങ്ങിയ ബില്ലുകളാവും ഒപ്പിടുക.
18ന് രാജ്ഭവനിൽ എത്തിയശേഷം അന്തിമതീരുമാനമെടുക്കും. നിയമോപദേശവും തേടിയേക്കും.
ഗവർണർ കമന്റ്
സർക്കാർ ചൂണ്ടിക്കാണിക്കുന്നിടത്തെല്ലാം ഒപ്പിടാൻ റബർ സ്റ്റാമ്പല്ല. സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിക്കുന്ന യാതൊന്നിനും കൂട്ട് നിൽക്കില്ല. നിയമഭേദഗതി ബില്ലുകളൊന്നും നാലു ദിവസം മുമ്പുവരെ രാജ്ഭവനിൽ എത്തിയിട്ടില്ല. ഞാൻ കണ്ടിട്ടുമില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ബന്ധുക്കളെ നിയമിക്കാൻ അനുവദിക്കില്ല.
- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ