krishnapura

മുടപുരം: പൊട്ടിപ്പൊളിഞ്ഞ് തകർന്നുകിടക്കുന്ന മുട്ടപ്പലം - കൃഷ്ണപുരം റോഡ് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അഴൂർ ഗ്രാമപഞ്ചായത്തിലെ അഴൂർ - ശാസ്തവട്ടം റോഡിൽ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷന് സമീപത്തു നിന്ന് ആരംഭിച്ച് പെരുങ്ങുഴി -ഗാന്ധി സ്മാരകം റോഡിൽ കൃഷ്ണപുരത്ത് എത്തിച്ചേരുന്ന റോഡാണിത്. മുട്ടപ്പലം തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ളവർക്ക് പെരുങ്ങുഴിയിൽ എത്തുന്നതിന് ദൂരം കുറഞ്ഞ റോഡാണിത്.

അതിനാൽ നാട്ടുകാർക്ക് പുറമേ മറ്റു പ്രദേശത്തുള്ളവർക്കും ആശ്രയിക്കേണ്ട റോഡ് ആയതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
നാൽപ്പതിലേറെ വർഷങ്ങൾക്ക് മുൻപ് കൃഷ്ണപുരത്ത് നിന്ന് തയ്ക്കാവ് വരെയും മുട്ടപ്പലത്തു നിന്ന് കോടൽ വരെയും മാത്രമേ റോഡ് ഉണ്ടായിരുന്നുള്ളൂ. ബാക്കി ഭാഗം നെൽപ്പാടമായിരുന്നു. എന്നാൽ, നാട്ടുകാരുടെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഗൾഫ് മലയാളികളുടെ സാമ്പത്തിക സഹായത്തോടെ നാട്ടുകാർ ഏലാ വിലയ്ക്ക് വാങ്ങുകയും കലുങ്ക് നിർമ്മിക്കുകയും ചെയ്താണ് റോഡ് നിർമ്മിച്ചത്.

അന്ന് ഈ റോഡിന്റെ പേര് മുട്ടപ്പലം ന്യൂ വില്ലേജ് റോഡ് എന്നായിരുന്നു. തുടർന്ന് അഡ്വ.വി.ജോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. അതിന് ശേഷം നിരവധി വർഷങ്ങൾ കടന്നിട്ടും പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.