5001

ഉദിയൻകുളങ്ങര: അമ്പിലികോണം എൽ.എം.എസ്.എൽ.പി സ്‌കൂളിൽ പതിവുപോലെ യു.കെ.ജി ക്ലാസുകൾ ആരംഭിച്ചപ്പോഴും പവനെയും നിവിനെയും കാണാത്തത് ക്ലാസ് ടീച്ചർ മിനീഷയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വൈകിയാലും വരുമെന്നായിരുന്നു ടീച്ചർ കരുതിയിരുന്നത്. കഴിഞ്ഞ ദിവസം പഠിപ്പിച്ച മലയാളം പദ്യം ഒാരോരുത്തരോടായി ചോദിക്കാനൊരുങ്ങുമ്പോൾ ക്ലാസ് നിറുത്താൻ അറിയിച്ചുകൊണ്ട് സഹപ്രവർത്തകരിലൊരാൾ ദുഃഖവാർത്തയുമായെത്തി.

വാർത്തയറിഞ്ഞുള്ള ഞെട്ടലിൽ കസേരയിലിരുന്ന് ടീച്ചർ വിതുമ്പിക്കരയുന്നതെന്തിനെന്ന് പവന്റെ കൂട്ടുകാർക്ക് മനസിലായിരുന്നില്ല. നഴ്സറി മുതൽ യു.കെ.ജി വരെയുള്ള കുട്ടികളെ രക്ഷിതാക്കളെ അധികൃതർ വിളിച്ചുവരുത്തി അവരോടൊപ്പം അയച്ചു. മറ്റ് കുട്ടികളുടെ രക്ഷിതാക്കളും വിവരമറിഞ്ഞ് വിതുമ്പിക്കരഞ്ഞു. അപ്പോഴും പല കുട്ടികൾക്കും എന്താണ് സംഭവിച്ചതെന്ന് മനസിലായിരുന്നില്ല. അപകടമറിഞ്ഞതിന് പിന്നാലെ നിരവധിപ്പേരാണ് ചെന്മൺകാല വീട്ടിലെത്തിയത്.