balagopal

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താൻ കേരളത്തിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് "കീഡ്" നടത്തിയ രണ്ടുദിവസത്തെ യുവബൂട്ട് ക്യാമ്പിലെ ആശയം വാങ്ങാനൊരുങ്ങി വിഴിഞ്ഞം അദാനി പോർട്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി ടെക് മെക്കാനിക്കൽ ബാച്ചിലെ റോബോട്ടിക് വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി സംരംഭകർ വികസിപ്പിച്ച് ബൂട്ട് ക്യാമ്പിലെത്തിയ അണ്ടർ വാട്ടർ റിസർച്ച് റോബോട്ടുകളിലാണ് അദാനി വിഴിഞ്ഞം പോർട്ടിന് താത്പര്യമുണ്ടായത്.

എക്‌സ്‌പോയിലെത്തിയ പോർട്ട് സി.ഇ.ഒ രാജേഷ് ത്ധാ വിദ്യാർത്ഥികളുമായി സംസാരിക്കുകയും സമുദ്രാന്തർ ഗവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിൽ 3ഡി സ്‌കാനർ ഘടിപ്പിച്ച് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്താൽ തുറമുഖ നിർമാണത്തിന് പ്രയോജനപ്പെടുത്താനാകുമെന്ന ആശയവും മുന്നോട്ടുവച്ചു. ഡ്രഡ്‌ജിംഗിനു മുന്നോടിയായി സമുദ്രത്തിന്റെ അടിത്തട്ട് പരിശോധിച്ച് എത്ര അളവിൽ മണൽ മാറ്റേണ്ടിവരും എന്നതടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനുതകുന്ന റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള സഹായവും അദ്ദേഹം വാദ്ഗാനം ചെയ്തു. ഇതുസംബന്ധിച്ച് അദാനി പോർട്ട് അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി വിദ്യാർത്ഥി സംരംഭകരെ ക്ഷണിച്ചാണ് അദ്ദേഹം മടങ്ങിയത്.

യുവ ബൂട്ട് ക്യാമ്പും എക്‌സ്‌പോയും ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. എക്‌സ്‌പോയിലെയും ബിസിനസ് പിച്ചിംഗ് മത്സരത്തിലെയും വിജയികൾക്കുള്ള അവാർഡുകൾ അദ്ദേഹം വിതരണം ചെയ്‌തു. സമാപന സമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല, കീഡ് സി.ഇ.ഒ ശരത് വി. രാജ് തുടങ്ങിയവർ പങ്കെടുത്തു.