തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ ജീവൻ തന്നെ സമർപ്പിക്കേണ്ടി വരുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ പറഞ്ഞു. പാറ്റൂർ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിന്റെ ആശിർവാദവും പ്രതിഷ്‌ഠയും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനതയ്‌ക്ക് വേണ്ടി രക്തസാക്ഷിത്വം വഹിച്ച ധാരാളം രക്തസാക്ഷികളുള്ള സഭയാണിത്. വിഴിഞ്ഞം സമരത്തിന്റെ പ്രചോദനം ക്രിസ്‌തുവിന്റെ ജീവിതമാണ്. സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ വ്യക്തിയാണ് ക്രിസ്‌തുദേവൻ. ആർക്കൊക്കെയോ വേണ്ടി കേരളത്തിലെ തീരങ്ങൾ വിൽക്കുകയാണ്. റിയൽ എസ്റ്റേറ്റ് കച്ചവടമാണ് തീരങ്ങളിൽ നടക്കുന്നത്. വികസനത്തിന് സഭ എതിരല്ല. എന്നാൽ വികസനത്തിന്റെ പേരിൽ ഇരയാകുന്നവർക്ക് സുരക്ഷയും പുനരധിവാസവും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.