തിരുവനന്തപുരം: അയ്യോ മാതാവേ എന്റെ പൊന്നിനെ തിരികെ തരണേ... അവനില്ലാതെ നമ്മളില്ലേ... കാത്തിരിപ്പിനൊടുവിൽ അവനെ തന്നത് ഇതിനായിരുന്നോ..?... ഇന്നും അവൻ മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടല്ലേ ഇറങ്ങിയെ... മഞ്ജുവിന്റെ അലമുറയ്‌ക്ക് ആശ്വാസമാകാൻ ചെമ്മൺകാല വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾക്കോ നാട്ടുകാർക്കോ കഴിഞ്ഞില്ല. ഏവരുടെയും കുസൃതിക്കുടുക്കകളിൽ ഒരുവന്റെ വിയോഗം മാറാടിയെ ദുഃഖത്തിലാഴ്‌ത്തി.

പതിവായി മാതാവിനൊപ്പം സ്‌കൂട്ടറിലായിരുന്നു ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നത്. എന്നും ഇരുവരും നടന്ന് പാലംകടന്ന് ടാറിട്ട റോഡിലെത്തിയശേഷമായിരുന്നു സ്‌കൂട്ടറിൽ കയറിയിരുന്നത്. എന്നാൽ ഇന്നലെ ആ പതിവൊക്കെ തെറ്റി. കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മഞ്ജുവിന് അവരെ സ്‌കൂട്ടറിൽ കയറ്റേണ്ടിവന്നത്. അതൊരു തീരാനോവുമായി. വെള്ളറട സ്വദേശി മഞ്ജുവിന്റെയും സുനിലിന്റെയും വിവാഹം കഴിഞ്ഞ് നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടിമധുരമായി ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. വളരെ കരുതലോടെയാണ് മഞ്ജു ഇരുവരെയും നോക്കിയിരുന്നത്.

മക്കളെ സ്‌കൂളിലാക്കാനാണ് മഞ്ജു ഡ്രൈവിംഗ് പഠിച്ചതും വാഹനം വാങ്ങിയതും. ഇരുവർക്കും ടെഡി ബിയർ പാവകൾ വളരെയേറെ ഇഷ്ടമായിരുന്നു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള നിരവധി പാവകൾ കെട്ടിപ്പിടിച്ചായിരുന്നു ഇവരുടെ ഉറക്കവും കളിയുമെല്ലാം. കെട്ടിട നിർമ്മാണ തൊഴിലാളിയായ സുനിൽ രണ്ടുവർഷത്തിലേറെയായി ദുബായിലാണ്. ഒരുമാസത്തെ അവധിക്കെത്തി കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ച് തിരുവോണ രാത്രിയിലാണ് തിരികെ മടങ്ങിയത്.

സ്‌കൂളിൽ നിന്നെത്തുന്ന പവിനും നിവിനും അമ്മയുടെ സ്‌കൂട്ടറിൽ വീട്ടിലെത്തി യൂണിഫോമൊക്കെ മാറി അടുത്തുള്ള ബന്ധു വീടുകളിലേക്കാണ് ഓടുന്നത്. കളിയൊക്കെ കഴിഞ്ഞാകും തിരികെ വീട്ടിലേക്കുള്ള പോക്ക്. ഇക്കഴിഞ്ഞ ശനിയാഴ്ച പിതാവിന്റെ സഹോദരി സുനിതയുടെ വീട്ടിന്റെ ഒന്നാം വാർഷികത്തിന്റെ കേക്ക് മുറിച്ചുള്ള ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇരുവരുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ നിവിന് മാസങ്ങൾക്ക് മുമ്പ് വൈറ്റമിൻ എ വാക്‌സിൻ രണ്ടുതവണ കൊടുത്തത് ശാരീരിക പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്ന കാര്യം കാരോട് പഞ്ചായത്ത് പ്രസിഡന്റ് എ. രാജേന്ദ്രൻ നായർ പറഞ്ഞു.