കുറ്റിച്ചൽ:കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ ആനപരിപാലന കേന്ദ്രത്തിന് സമീപം അജ്ഞാത ജീവി വീട്ടിലെ കോഴികളേയും പൂച്ചകളേയും കടിച്ചു കൊന്നു.കോട്ടൂർ കാവടിമൂല ഹാജയുടെ വീട്ടിലെ കോഴിക്കൂട് പൊളിച്ചാണ് 26കോഴികളെയും വീട്ടിലുണ്ടായിരുന്ന 4 പൂച്ചകളേയും കടിച്ചുകൊന്നത്. ഇന്നലെ രാവിലെയാണ് കൂട്ടിൽ കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയത്.തുടർന്ന് നടത്തിയ തെരച്ചിലിലാണ് പൂച്ചകളേയും കടിയേറ്റ് ചത്ത നിലയിൽ കണ്ടത്.വനമേഖലയോട് ചേർന്ന പ്രദേശമാണ് കോട്ടൂർ. ഇതുവഴിയാണ് ആന പരിപാലന കേന്ദ്രത്തിലേക്ക് പോകുന്നതും.മാസങ്ങൾക്കു മുൻപും ഇത്തരത്തിൽ കോട്ടൂർ,കാപ്പുകാട് പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായി നാട്ടുകാർ പറയുന്നു.