
തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾ ഏറ്റെടുക്കുന്നതിന് എതിർപ്പുണ്ടായാൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാനുള്ള ഉത്തരവ് തദ്ദേശ വകുപ്പ് പുറത്തിറക്കി. ചില ഭാഗങ്ങളിൽ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
തദ്ദേശസ്ഥാപനങ്ങൾ കൂടാതെ മറ്റ് വകുപ്പുകൾക്കു കീഴിലെ ഒഴിഞ്ഞ കെട്ടിടങ്ങളോ, കെട്ടിട ഭാഗങ്ങളോ തത്കാലം ഷെൽട്ടർ കേന്ദ്രങ്ങളാക്കാനും തീരുമാനം. തദ്ദേശ സ്ഥാപനങ്ങൾ സ്ഥിരം കെട്ടിടങ്ങൾ കണ്ടെത്തുന്നതുവരെ ഇവ ഉപയോഗിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാം. ഹോട്ട് സ്പോട്ട് അല്ലെങ്കിലും നഗര പ്രദേശങ്ങളിലും ബ്ലോക്ക് പഞ്ചായത്തിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അനുമതി നൽകി.
വാക്സിനേഷനായി തെരുവുനായ്ക്കളെ പിടിക്കാനും മൃഗപരിപാലകരാകാനും തയ്യാറുള്ള സന്നദ്ധപ്രവർത്തകരെ ജനമൈത്രി പൊലീസ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരിൽ നിന്ന് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. മൃഗക്ഷേമ സംഘടന പ്രവർത്തകർ, സന്നദ്ധ സേനാംഗങ്ങൾ എന്നിവരിൽ താത്പര്യമുള്ളവരെയും നിയോഗിക്കും. ഇവർക്ക് രോഗപ്രതിരോധത്തിനുള്ള കരുതൽ വാക്സിൻ ആരോഗ്യവകുപ്പ് നൽകണമെന്നും നിർദ്ദേശിച്ചു.
പേവിഷത്തിനെതിരെ
വെറ്ററിനറി യൂണി.യും
തിരുവനന്തപുരം; മൃഗസംരക്ഷണ - തദ്ദേശ വകുപ്പുകളുടെ തെരുവുനായ നിയന്ത്രണ - പേവിഷബാധ നിർമ്മാർജന പ്രവർത്തനത്തിന് കേരള വെറ്ററിനറി സർവകലാശാല പദ്ധതികൾ ആവിഷ്കരിച്ചതായി ഓൺട്രപ്രണർഷിപ്പ് ഡയറക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി തെരുവുനായ നിയന്ത്രണ -അനുബന്ധ മേഖലയിലെ വെറ്ററിനറി ഡോക്ടർമാർ, പാരാ വെറ്ററിനറി ഉദ്യോഗസ്ഥർ,സന്നദ്ധ ഭടന്മാർ,നായ പിടിത്തക്കാർ എന്നിവർക്ക് വിദഗ്ദ്ധ പരിശീലനം നൽകാനാണു സർവകലാശാല തീരുമാനിച്ചത്. സർവ്വകലാശാലയുടെ വിവിധ കാമ്പസുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ബോധവത്കരണം,പ്രതിരോധ കുത്തിവയ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. പഞ്ചായത്തുകളിലെ എ.ബി.സി സെന്ററുകൾക്കും ഷെൽട്ടറുകൾക്കും ശാസ്ത്ര സാങ്കേതിക വിവരങ്ങളും, മാതൃകാ രൂപരേഖയും കൈമാറും . തെരുവുനായ നിയന്ത്രണം, പേവിഷ പ്രതിരോധം, പരിപാലനം, മാലിന്യ നിർമ്മാർജ്ജനം, ജന്തു ജന്യ രോഗ നിയന്ത്രണം എന്നിവയിൽ ബോധവത്കരണവും സംഘടിപ്പിക്കും.