25 ഇടങ്ങളിൽ സ്ഥാപിക്കുമെന്നത് നടപ്പായില്ല
തിരുവനന്തപുരം: നഗരത്തിലെത്തിയശേഷേം അത്യാവശ്യമായി ടോയ്‌ലെറ്റിൽ പോകണമെന്ന് വിചാരിച്ചാൽ വലഞ്ഞതുതന്നെ. കുറേ നാളുകളായി ആഭ്യന്തര വിനോദ സഞ്ചാരികളും പൊതുജനങ്ങളുമടക്കം പരാതി പറയുന്ന വിഷയത്തിൽ ഇതുവരെ നടപടിയെടുക്കാൻ നഗരസഭയ്‌ക്ക് സാധിച്ചിട്ടില്ല. തെരുവ് നായ ശല്യവും മാലിന്യ നിർമ്മാർജനവും പോലെ പ്രധാനവിഷയമാണ് പൊതുടോയ്‌ലെറ്റുകളുടെ കുറവ്. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ടേക്ക് എ ബ്രേക്ക്" ടോയ്‌ലെറ്റ് നഗരത്തിൽ ചിലയിടങ്ങളിൽ മാത്രമാണുള്ളത്. തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സർക്കാർ ഓഫീസുകൾ, മ്യൂസിയം എന്നിവിടങ്ങളിലല്ലാതെ മറ്റിടങ്ങളിൽ പൊതുടോയ്‌ലെറ്റ് സൗകര്യം നിലവിലില്ലെന്നാണ് പരാതി.
നഗരത്തിലെ പ്രധാനയിടങ്ങളിലെ ടോയ്‌ലെറ്റിന്റെ അപര്യാപ്‌തത പരിഹരിക്കാൻ കർമ്മപദ്ധതിയുമായി നഗരസഭ രംഗത്തെത്തിയെങ്കിലും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. 20 ഇന കർമ്മപരിപാടിയുടെ ഭാഗമായി എട്ടുമാസം മുമ്പാണ് 25 ഇടത്ത് ടോയ്‌ലെറ്രുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. പദ്ധതി നടത്തിപ്പിനായി സ്ഥലം കണ്ടെത്തുന്നതിനുള്ള സർവേയും പൂർത്തിയായിരുന്നു. 37 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും അനുമതി ലഭിക്കുന്ന 25 ഇടങ്ങളിലായിരിക്കും ആദ്യഘട്ടമായി ടോയ്‌ലെറ്റ് നിർമ്മിക്കുകയെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ സർവേ നടത്തിയതല്ലാതെ ഫയൽ പിന്നീട് നീങ്ങിയിട്ടില്ല. പ്രധാന സർക്കാർ ഓഫീസ് കോമ്പൗണ്ടിലും മറ്റിടങ്ങളിലുമുള്ള സ്‌പോട്ടുകളാണ് സർവേയിൽ കണ്ടെത്തിയത്.
ആദ്യഘട്ടം 8 കോടി രൂപ
ഒരുവർഷമാണ് പദ്ധതി നടത്തിപ്പിന്റെ സമയം. ഓരോ ടോയ്‌ലെറ്റിനും 8.30 ലക്ഷം രൂപ എന്ന കണക്കിൽ എട്ടുകോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എക്‌സിക്യുട്ടീവ് എൻജിനിയർക്കാണ് നിർമ്മാണച്ചുമതല. ഡൽഹി മോഡൽ ആധുനിക രീതിയിലാണ് ടോയ്‌ലെറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. ടോയ്‌ലെറ്റുകളുടെ മുൻ വശത്തും മറ്റും പരസ്യങ്ങൾ സ്ഥാപിച്ച് അധിക വരുമാനം നേടാനുമായിരുന്നു കണക്കുകൂട്ടൽ.