
പൂവാർ: തീരദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളാണ് തെരുവ് നായ്ക്കൾ കൈയടക്കിയിരിക്കുന്നത്. പൂവാറിലെ ഗോൾഡൻ ബീച്ച്, ഇ.എം.എസ് കോളനി, വരവിളത്തോപ്പ്, എരിക്കലുവിള, പാമ്പുകാല തുടങ്ങിയ പ്രദേശങ്ങളിലും, കരുംകുളം ഗ്രാമപഞ്ചായത്തിലെ കല്ലുമുക്ക്, കരുംകുളം, കൊച്ചുതുറ, പുതിയതുറ, ഉരിയരിക്കുന്ന്, പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ, കൊച്ചുപള്ളി എന്നിവിടങ്ങളിലും കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അമ്പലത്തുമൂല അടിമലത്തുറ പ്രദേശങ്ങളുമാണ് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്.
പകൽ പോലും പുറത്തിറങ്ങി നടക്കാൻ നാട്ടുകാർക്ക് ഇപ്പോൾ ഭയമാണ്. പ്രത്യേകിച്ച് പ്രായമേറിയവരും കുട്ടികളും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്ത സമയങ്ങളിൽ തീരത്തെ മണൽപ്പരപ്പിൽ വിശ്രമിക്കുന്നതും, ലഘു വിനോദങ്ങളിൽ ഏർപ്പെടുന്നതും, രാത്രികാലങ്ങളിൽ കൂട്ടമായി ഉറങ്ങുന്നതും പതിവായിരുന്നു. എന്നാൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ അതെല്ലാം അവസാനിച്ചതായി അവർ പറയുന്നു.
നായ്ക്കളുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്നവർ തീരാദുരിതത്തിലാണ്. ഇവർക്ക് സാമ്പത്തിക സഹായം സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അർഹരുടെ കൈകളിൽ എത്താൻ കടമ്പകൾ ഏറെയായതിനാൽ ആർക്കും കിട്ടാറില്ലെന്നും അവർ പറയുന്നു.