തിരുവനന്തപുരം: സാധാരണക്കാരന്റെ ഭാഷയിൽ വേദാന്തം പറഞ്ഞുകൊടുത്തയാളാണ് മഹാകവി കുമാരനാശാനെന്ന് കവിയും ആശാൻ അന്താരാഷ്ട്ര പഠനകേന്ദ്രം ചെയർമാനുമായ വി. മധുസൂദനൻ നായർ പറഞ്ഞു. പ്രഭാത് ബുക്ക്ഹൗസിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കാവ്യത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശാന്റെ കവിതകളെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അത്രമേൽ ഗഹനമായ അക്ഷരങ്ങളാണ് കുമാരനാശാന്റേത്. നമ്മുടെ കുട്ടികളെ മറ്റുള്ളവരുടെ നാവുകൊണ്ട് ഉച്ചരി​ക്കാൻ പഠിപ്പിക്കരുത്. അവർ നമ്മുടെ ഭാഷ പറയുന്നത് നാണക്കേടല്ല. വിദ്യാലയങ്ങളിൽ ഭാഷാദ്ധ്യാപനത്തിന് ഏറ്റവും യോഗ്യരായവരെയാണ് നിയമിക്കേണ്ടതെന്നും ഭാഗ്യാന്വേഷികളെയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി പതിപ്പ് സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ വി. മധുസൂദനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. പ്രസ്ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ അദ്ധ്യക്ഷനായിരുന്നു. കവി പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, പ്രഭാത് ബുക്ക്ഹൗസ് ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ, പ്രഭാത് ബുക്ക് ഹൗസ് എഡിറ്റർ ഡോ. വള്ളിക്കാവ് മോഹൻദാസ് , പ്രഭാത് സാംസ്‌കാരിക സംഘം സെക്രട്ടറി പ്രൊഫ. എം. ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. എൽ. ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിയരങ്ങ് കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. വിശ്വംഭരൻ രാജസൂയം നേതൃത്വം നൽകി.