തിരുവനന്തപുരം:വന്ധ്യംകരണം ഊർജ്ജിതമാക്കുന്നതിന് ജില്ലയിൽ അഞ്ചിടങ്ങളിൽ വന്ധ്യംകരണ കേന്ദ്രങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യം ഒരുക്കും. നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക്ക്, പെരുങ്കടവിള, ചെമ്മരുതി, വക്കം, പാങ്ങോട് വെറ്ററിനറി ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ. ഇതിനായി ചെലവ് വരുന്ന തുകയുടെ 50 ശതമാനം ജില്ലാ പഞ്ചായത്തും ബാക്കി ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും തുല്യമായും വന്ധ്യംകരണ കേന്ദ്രങ്ങളുടെ ചെലവുകൾ അതത് പഞ്ചായത്തുകളും വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.തെരുവുനായ്ക്കൾക്കുള്ള പ്രതിരോധകുത്തിവയ്പ്, വന്ധ്യംകരണം, മാലിന്യ നിർമാർജ്ജനം തുടങ്ങിയ വിഷയങ്ങളിൽ നടപടിയെടുക്കും. നായപിടിത്തക്കാരുടെ സഹായത്തോടെ തെരുവുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ് അടിയന്തരമായി ആരംഭിക്കും.ജില്ലയിൽ പരിശീലനം ലഭിച്ച 40 നായപിടിത്തക്കാരാണുള്ളത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും. വളർത്തുനായ്ക്കൾക്കുള്ള ലൈസൻസ് നിർബന്ധമാക്കാനും ഒക്ടോബർ 20 നകം പൂർത്തീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് തലത്തിൽ സ്‌കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മൃഗസ്‌നേഹികളുടെ സംഘടനകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ കളക്ടർ ജെറോമിക് ജോർജ് , തദ്ദേശസ്ഥാപന പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.