local

തിരുവനന്തപുരം : എം.വി.ഗോവിന്ദന്റെ പിൻഗാമിയായി തദ്ദേശ മന്ത്രിയായ എം.ബി.രാജേഷും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചെങ്കിലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ വകുപ്പിൽ എന്തും നടക്കുന്ന സ്ഥിതിയാണ്. രാവിലെ അപേക്ഷിച്ചാൽ വൈകിട്ട് പെർമിറ്റ് ലഭിച്ചിരുന്ന ഏകദിന സംവിധാനം കൈക്കൂലിക്ക് സാദ്ധ്യയില്ലാത്തതിനാൽ അവസാനിപ്പിച്ചത് ഉദാഹരണമാണ്.

നല്ലൊരു വിഭാഗം ജീവനക്കാർ അഴിമതിക്ക് വഴങ്ങില്ലെങ്കിലും മറുവശത്ത് സ്ഥിതി അതല്ല.

എൻജിനിയറിംഗ് വിഭാഗമാണ് തദ്ദേശവകുപ്പിൽ എക്കാലവും അഴിമതിക്ക് മുൻനിരയിൽ. ചെറിയ വീടുകൾക്ക് മുതൽ വൻകിട കെട്ടിടങ്ങൾക്ക് വരെയുള്ള നിർമ്മാണ അനുമതി,ഒക്കുപ്പെൻസി, ടി.സി തുടങ്ങിയ കടമ്പകൾക്കെല്ലാം കൈക്കൂലി വേണം.

നിർമ്മാണ പെർമിറ്റ് അനുവദിക്കാൻ വൻതോതിൽ കൈകൂലി വാങ്ങുന്നത് വ്യാപകമായതോടെ 2000 മേയ് 10നാണ് ഏകദിന പെർമിറ്റ് തിരുവനന്തപുരം കോർപറേഷനിൽ പരീക്ഷിച്ചത്. വിജയിച്ചതോടെ 2001ൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കി. സ്ഥല ഉടമയും അംഗീകൃത എൻജിനീയറും തമ്മിൽ 200 രൂപ മുദ്രപ്പത്രത്തിൽ കരാർ വച്ച് തദ്ദേശസ്ഥാപനത്തിൽ സമർപ്പിച്ചാൽ മതി. പിന്നാലെ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നിയമലംഘനം കണ്ടെത്തിയാലേ പെർമിറ്ര് റദ്ദാക്കാനാവൂ. ഇതോടെ അഴിമതി സാദ്ധ്യത കുറഞ്ഞു. 2014ന് ശേഷം ഇത് അട്ടിമറിക്കാൻ ശ്രമം വ്യാപകമായി. 2019വരെ ഏകദിനപെർമിറ്റ് നിലനിന്നെങ്കിലും ഇപ്പോൾ പൂർണമായി നിലച്ചു. പുതിയ സോഫ്‌റ്റ്‌വെയറുകൾ മറയാക്കിയാണ് ഏകദിന പെർമിറ്റ് അട്ടിമറിച്ചത്.

1000രൂപ മുതൽ കണക്ക് പറഞ്ഞു വാങ്ങും !

പഞ്ചായത്തുകളേക്കാൾ കോർപറേഷനുകളും മുൻസിപ്പാലിറ്റികളുമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് പ്രിയം. 1000 രൂപ മുതൽ തുക കണക്ക് പറഞ്ഞ് വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ട്. പണം നൽകിയാൽ ഫയൽ വേഗം നീക്കും. ഇതിന് ഇടനിലക്കാരുമുണ്ട്. അനാവശ്യമായി ഫയലുകൾ പിടിച്ചുവയ്‌ക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ അടുത്തിടെ സമ്പൂർണ ഓൺലൈൻ സംവിധാനമായ ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം ( ഐ.എൽ.ജി.എം.എസ് ) നടപ്പാക്കിയത് നേരിയ ആശ്വാസമാണെങ്കിലും അതിലും പഴുതു കണ്ടെത്തി ഫയലുകൾ നേരിട്ടു വാങ്ങാനുള്ള ശ്രമങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ഫയൽ നീക്കം ആർക്കും നീരീക്ഷിക്കാവുന്ന സുതാര്യതയാണ് ഐ.എൽ.ജി.എം.എസിന്റെ പ്രത്യേകത.