general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ വടക്കേവിള വാർഡിൽ കാട്ടുകുളത്തിൻകര നിവാസികൾക്ക് തല ചായ്ക്കാൻ ഇനി ആരേയും ഭയക്കണ്ട. തങ്ങളുടെ ഭൂമികൾക്ക് പട്ടയം കിട്ടുമോയെന്ന് പതിറ്റാണ്ടുകളായി സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന മൂന്ന് കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർക്കാർ ഉത്തരവായി. കാട്ടുകുളത്തിൻകരയിൽ ശശികല,​ ശകുന്തള,​ ജയകുമാർ എന്നിവരുടെ പുറമ്പോക്ക് ഭൂമികൾക്കാണ് പട്ടയം നൽകാൻ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉത്തരവായത്. ഇതോടെ കാട്ടുകുളത്തിൻകരയിൽ ഒമ്പത് കുടുംബങ്ങൾക്ക് സർക്കാർ പട്ടയം നൽകിയത്. ഒരു വർഷം മുൻപ് ലാന്റ് അക്യൂസിഷൻ വഴി കാട്ടുകുളത്തിൻകരയിൽ താമസിക്കുന്ന രഘുനാഥൻ,​ മഹേഷ്,​ സിന്ധു,​ വിജയമ്മ,​ സുലോചന,​ കമലമ്മ എന്നീ ആറ് കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു.

സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വിളപ്പിൽ രാധാകൃഷ്ണൻ ചെയർമാനായും,​ സതീഷ് ബാബു കൺവീനറായുമുള്ള സി.പി.ഐ വടക്കേവിള ബ്രാഞ്ച് പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് പട്ടയം ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളുമായി മുന്നോട്ടുപോയത്. പട്ടയം ലഭ്യമാക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും റവന്യൂ വകുപ്പ് വഴി നിർണ്ണായക ഇടപെടലുകൾ നടത്തുകയും ചെയ്ത സി.പി.ഐ വടക്കേവിള ബ്രാഞ്ച് കമ്മിറ്റിക്കും നേതാക്കൾക്കും പട്ടയം ലഭിച്ച കുടുംബങ്ങൾ നന്ദി അറിയിച്ചു.

പൂവണിയുന്നത് വർഷങ്ങൾ നീണ്ട സ്വപ്നം

നിലവിൽ ലാന്റ് ട്രൈബ്യൂണൽ വഴി മൂന്ന് കുടുംബങ്ങൾക്കാണ് പട്ടയത്തിന് അനുമതിയായത്. പുറമ്പോക്ക് ഭൂമികളിൽ ഏത് നിമിഷവും നിലംപൊത്തിയേക്കാമെന്ന മേൽക്കൂരയ്ക്ക് കീഴിലാണ് നിർദ്ധന കുടുംബങ്ങൾ താമസിച്ചിരുന്നത്. മഴയൊന്ന് കനത്താൽ വീടിനകം ചോർന്ന് ഉറക്കമൊഴിഞ്ഞ് നേരം വെളുപ്പികേണ്ട ദുരിതവും. അങ്ങനെ വർഷങ്ങളുടെ ദുരിതപൂർവ്വമായ ജീവിതത്തിൽ നിന്നാണ് കാട്ടുകുളത്തിൻകര നിവാസികൾക്ക് പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായത്.

50 വർഷത്തെ പോരാട്ടം

പ്രതിസന്ധികളൊക്കെ അതിജീവിച്ച് തങ്ങളുടെ ഭൂമിക്ക് പട്ടയം നൽകിയ വകുപ്പ് മന്ത്രിയേയും സർക്കാരിനേയും ഇവർ അഭിനന്ദിക്കുകയാണ്. ജന്മിത്വത്തിന്റെ കീഴിലായിരുന്ന പുറമ്പോക്ക് ഭൂമികളിൽ കഴിഞ്ഞ അമ്പത് വർഷമായി പട്ടയത്തിനായുള്ള നിയമപോരാട്ടത്തിലായിരുന്നു കാട്ടുകുളത്തിൻകരയിലെ ഒമ്പത് നിർദ്ധന കുടുംബങ്ങൾ. നേരത്ത പട്ടയമില്ലായെന്ന കാരണത്താൽ വിഭ്യാഭ്യാസത്തിനോ,​ വിവാഹ ആവശ്യങ്ങൾക്കോ,​ വായ്പയെടുക്കാനോ വിവിധ സർക്കാർ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനോ പറ്റാത്ത സാഹചര്യമായിരുന്നു. പ്രതിസന്ധികൾ വിട്ടകന്നതോടെ പൊളിയാറായ കൂരയ്ക്ക് കീഴിൽ പിന്നോക്ക കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി വീട് വയ്ക്കാനുള്ള വഴിയും തുറന്നിരിക്കുകയാണ്.