തിരുവനന്തപുരം: നഗരത്തിലെ ആൺകുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് സ്‌കൂൾ സമയം അവസാനിച്ച് കുട്ടികൾ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
സ്‌കൂളിനകത്തുവച്ചുണ്ടായ വാഗ്വാദമാണ് അടിപിടിയിൽ കലാശിച്ചത്. സ്‌കൂളിന് പുറത്ത് മെയിൻറോഡിൽ ഇരുവിഭാഗം ചേർന്നുണ്ടായ ഏറ്റുമുട്ടൽ കണ്ട പരിസരത്തെ കടയുടമകളും ചില ആട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നാണ് ഇവരെ വിരട്ടി ഓടിച്ചത്. എന്നാൽ നാട്ടുകാരുടെ വിരട്ടലിന് ശേഷവും പിരിഞ്ഞുപോകാതെ നിന്ന ഇരുസംഘങ്ങളും വീണ്ടും കൈയാങ്കളിയിലേക്ക് പോയതോടെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയതോടെ ഇരു വിഭാഗങ്ങളും ഓടി രക്ഷപെട്ടു.
കുട്ടികൾക്കിടയിലെ നിസാര വിഷയങ്ങളാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന് കാരണമായതെന്നും സംഭവം സ്‌കൂൾ അധികൃതർ ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ ഇനിയും ഏറ്റുമുട്ടൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.