h

തിരുവനന്തപുരം: മകളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ സ്‌കൂട്ടറിൽ പോയ മാതാവ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു. നാലാഞ്ചിറ ഉദിയന്നൂർ 'ജോയി ഭവനി' ൽ കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ക്ലർക്ക് ജിജി ജോസഫിന്റെ ഭാര്യ പ്രീത ജിജി (39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.15ന് നാലാഞ്ചിറ-മണ്ണന്തല റോഡിൽ കുരിശടി ജംഗ്ഷന് സമീപമായിരുന്നു അപകടം.

പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നിന്ന് മകളെ കൊണ്ടു വരാനായി പോകുമ്പോൾ സ്‌കൂട്ടറിനു പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടുകയായിരുന്നു. നിലത്തേക്ക് മറിഞ്ഞു വീണ പ്രീതയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ജീജ പി. ജിജി, ജീന പി. ജിജി എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്ന് 3ന് ഭവനത്തിലെ ശുശ്രൂഷയ്‌ക്കു ശേഷം നാലാഞ്ചിറ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക വലിയപള്ളി സെമിത്തേരിയിൽ.