
തിരുവനന്തപുരം: 34-മത് ആശാൻ സ്‌മാരക പുരസ്‌കാരത്തിന് കെ.ജയകുമാർ അർഹനായി. ഡോ.കെ. എസ്. രവികുമാർ അദ്ധ്യക്ഷനും ഡോ. സി. ആർ. പ്രസാദ്, ഡോ. ടി. അനിത കുമാരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. സാഹിത്യത്തിന്റെ മറ്റുമേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നതിനിടയിലും കാവ്യരംഗത്തെ സമഗ്രമായ സംഭാവനകളാണ് കെ. ജയകുമാറിനെ അർഹനാക്കിയത്.
അരലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി കുമാരനാശാന്റെ സ്‌മരണയ്‌ക്കായി 1985ൽ ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആരംഭിച്ചതാണ് ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം. മലയാളഭാഷയിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം.
മുൻ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ തുടങ്ങി അഞ്ച് കവിതാ സമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനും അടക്കം പല പ്രശസ്ത കൃതികളുടെയും പരിഭാഷയും നിർവഹിച്ചു. 'വർണചിറകുകൾ' എന്ന കുട്ടികളുടെ സിനിമയ്‌ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു. 80 ലധികം മലയാള ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ച അദ്ദേഹം അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്.