
പോത്തൻകോട്: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനിൽ സെൽവരാജാണ് (46) മരിച്ചത്. 2021 ആഗസ്റ്റ് 31നായിരുന്നു ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ വച്ച് ഭാര്യ പ്രഭയെ ( 37 ) ഇയാൾ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് ആത്മഹത്യ ചെയ്‌തത്. സെൽവരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മയാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.