mali

നെയ്യാറ്റിൻകര: നഗരസഭാ പ്രദേശത്ത് പാതയോരങ്ങളിലെ മാലിന്യനിക്ഷേപത്തിന് അറുതിയില്ല. മാലിന്യം വഴിയരികുകളിൽ കുന്നുകൂടുന്നത് സമീപവാസികളെ ബുദ്ധിമുട്ടിക്കുന്നു. പ്രദേശത്തെ ദേശീയപാതയോരങ്ങളിൽ നിക്ഷേപിക്കുന്ന മാലിന്യം നഗരസഭാ ശുചീകരണ വിഭാഗം നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇടറോഡുകളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ദേശീയ പാതയോരത്തെ ടി.ബി ജംഗ്ഷന് സമീപമുള്ള പനയറത്തല ഏലായ്ക്കും മരുത്തൂർ തോടിനും സമീപത്തായി നിക്ഷേപിച്ചിട്ടുള്ള മാലിന്യം ആഴ്ചകൾ പിന്നിട്ടിട്ടും നീക്കാൻ നഗരസഭയ്ക്കായിട്ടില്ല. പ്ലാസ്റ്റിക്കും ഇറച്ചിമാലിന്യങ്ങളടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ ചാക്കിൽക്കെട്ടിയാണ് ഇവിടെ തള്ളുന്നത്. ഇത് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.

രാത്രികാലങ്ങളിൽ നെയ്യാറ്റിൻകരയിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളടക്കമുള്ള അറവുശാലകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ഇത്തരത്തിൽ ഇവിടെ നിക്ഷേപിക്കുന്നത്. സമീപത്തെ മരുത്തൂർ തോട്ടിലും ഇത്തരത്തിൽ മാലിന്യം വലിച്ചെറിയാറുണ്ട്. മാലിന്യം അടി‌ഞ്ഞുകൂടി തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. നഗരസഭ പരിധിയിലെ മിക്ക ഇടറോഡുകളുടെയും ഗതി ഇതാണ്.

ഹരിതക‌ർമ്മസേന രൂപീകരിച്ച് ഓരോ വീടുകളിൽ നിന്നും മാസം തോറും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങൾ ശേഖരിക്കാറുണ്ടെങ്കിലും അതിനും കൃത്യതയില്ല. മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച് നഗരസഭ ഓരോ പദ്ധതികൾ ആവിഷ്കരിക്കുമെങ്കിലും ഒന്നും തുടർന്ന് കൊണ്ടുപോകാനോ ഫലപ്രാപ്തിയിലെത്തിക്കാനോ അധികൃതർക്കാവുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്ന ആഹ്വാനവും ആരും ചെവിക്കൊള്ളാറില്ല. നിലവിലെ സാഹചര്യമനുസരിച്ച് വികേന്ദ്രീകൃത മാലിന്യ നിർമ്മാർജനത്തിനാണ് മുൻഗണന നൽകുന്നതെന്നാണ് നഗരസഭയുടെ അഭിപ്രായം.

പാളിയ പദ്ധതികൾ

ഇത്തരത്തിൽ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മാലിന്യനിക്ഷേപം കുന്നുകൂടാറുണ്ടെങ്കിലും സമയബന്ധിതമായി നീക്കം ചെയ്യാൻ നഗരസഭയ്ക്ക് കഴിയാറില്ല. ദിവസങ്ങൾ കഴിയുമ്പോൾ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയാണ് പലപ്പോഴും ഇവ നീക്കം ചെയ്യാറുള്ളത്. മാലിന്യ സംസ്കരണത്തിന് ഇനിയും മികച്ച പദ്ധതികൾ യാഥാ‌ർത്ഥ്യമാകാത്തതാണ് ഇത്തരത്തിൽ മാലിന്യനിർമ്മാർജ്ജനം പാളിപ്പോകുന്നതിനിടയാക്കുന്നതെന്നാണ് ആരോപണം. 2005ൽ ഇളവനിക്കരയിലെ കുറകോട് എന്ന സ്ഥലത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി നടപടികൾ തുടങ്ങിയെങ്കിലും ചില രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശവാസികളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

എയ്റോബിന്നുകളും ഫലം കാണുന്നില്ല

ഒരു വർഷം മുൻപ് എയ്റോബിന്നുകൾ സ്ഥാപിച്ചിരുന്നെങ്കിലും മാലിന്യനിക്ഷേപമെല്ലാം പാതയോരങ്ങളിലാണ് നടക്കുന്നത്. എയ്റോബിന്നുകളുടെ പ്രവർത്തനവും കാര്യക്ഷമമല്ലെന്നാണ് ജനങ്ങളുടെ ആരോപണം. ഉറവിട മാലിന്യസംസ്കരണത്തിന്റെ ഭാഗമായി വീടുകളിൽ ബയോഡൈജസ്റ്റർ ബിന്നുകൾ വിതരണം ചെയ്ത് മാലിന്യനീക്കം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ അംഗീകൃത ഏജൻസി വഴി നഗരസഭ പദ്ധതി ആരംഭിച്ചതായാണ് ആരോഗ്യവിഭാഗത്തിന്റെ വിശദീകരണം.