1

വിഴിഞ്ഞം: സ്വച്ഛ് ഭാരത് പദ്ധതി നടപ്പായാൽ സംസ്ഥാനത്ത് തെരുവുനായ ശല്യം കുറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ .
അന്താരാഷ്ട്ര തീരശുചീകരണ ദിനത്തിന്റെ ഭാഗമായി എൻ.സി.ഇ.എസ്.എസ് കോവളത്ത് സംഘടിപ്പിച്ച തീരസംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണം സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ശുചിത്വം ഉറപ്പാക്കാൻ ചൂലെടുത്ത പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാർ മാതൃകയാക്കണം. ഓരോ വർഷവും ലക്ഷക്കണക്കിന് ടൺ മാലിന്യമാണ് കടലിലും തീരത്തുമായി അടിയുന്നതെന്നും മന്ത്രി പറഞ്ഞു. ശുചീകരണ യജ്ഞത്തിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധികൾ വിട്ടുനിന്നതിനെ മന്ത്രി വിമർശിച്ചു. എൻ.സി.ഇ.എസ്.എസ് ഡയറക്‌ടർ പ്രൊഫ. ജ്യോതിരഞ്ജൻ എസ്റേ, ഭാരതീയ തീരസംരക്ഷണ സേനയുടെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.