mika

നെടുമങ്ങാട്: മഞ്ച ബോയ്സ് വി.എച്ച്.എസ്.എസിൽ നവോത്ഥാന മാസാചരണം സമാപിച്ചു. ചിങ്ങം 31ന് മുൻ ഡി.ഇ.ഒ ടി. വസന്തകുമാരി കാട്ടുവൃക്ഷമായ മൂട്ടിമരത്തൈ സ്‌കൂൾ അങ്കണത്തിൽ നട്ടാണ് സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബാവുൽ കലാകാരി പാർവതി ബാവുലും പാവക്കഥകളി കലാകാരൻ രവിയും ചേർന്നാണ് ചിങ്ങം ഒന്നിന് സ്‌കൂൾ മുറ്റത്ത് ഇലഞ്ഞി മരത്തൈ നട്ട് നവോത്ഥാന മാസാചരണത്തിന് തുടക്കമിട്ടത്. സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ടി.കെ. മാധവൻ, ബ്രഹ്മാനന്ദ ശിവയോഗി, കെ. കേളപ്പൻ, കെ.പി. കേശവമേനോൻ എന്നിവർ ജനിച്ചത് ചിങ്ങമാസത്തിലായതിനാലാണ് നവോത്ഥാന മാസമായി സ്‌കൂളിൽ ആചരിച്ചത്. പി.ടി.എ പ്രസിഡന്റ് കെ.എസ്. ഉദയകുമാർ അദ്ധ്യക്ഷനായ സമാപന യോഗത്തിൽ പ്രിൻസിപ്പൽ എസ്.ജിഷ,ഹെഡ്മിസ്ട്രസ് എ.പ്രേമജ എന്നിവർ പങ്കെടുത്തു.