തിരുവനന്തപുരം : സി.ഐ.ടി.യു ജില്ലാ സമ്മേളനം 25,26 തീയതികളിൽ കാട്ടാക്കടയിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി.ജയൻ ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം 25ന് രാവിലെ 10ന് കാട്ടാക്കട ആർ.കെ.എൻ ഹാളിൽ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. പൊതു സമ്മേളനം 26ന് വൈകിട്ട് 4.30ന് കാട്ടാക്കട കെ.എസ്.ആർ.ടി.സി പാർക്കിംഗ് ഗ്രൗണ്ടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായുള്ള ഫുട്‌ബാൾ മത്സരം 19ന് ആറ്റിങ്ങലിൽ മന്ത്രി വി. ശിവൻകുട്ടിയും വോളിബാൾ മത്സരം കണ്ടലയിൽ ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീദേവിയും ഷട്ടിൽ ടൂർണമെന്റ് 18ന് വെങ്ങാനൂരിൽ അന്താരാഷ്ട്ര റഫറി ഫൈസി സി.ദത്തനും ഉദ്ഘാടനം ചെയ്യും.21ന് വൈകിട്ട് 5ന് മലയിൻകീഴ് നടക്കുന്ന 'മാറുന്ന മാദ്ധ്യമ സംസ്‌കാരവും തൊഴിലാളികളും' എന്ന സെമിനാർ ഡോ.ജി.എസ് പ്രദീപും 22ന് ഗാന്ധിപാർക്കിൽ നടക്കുന്ന 'സ്വാതന്ത്ര്യ സമരത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പി.രാജീവും ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് 5ന് കാട്ടക്കടയിൽ നടക്കുന്ന സർഗസന്ധ്യ എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊടിമര, പതാക ജാഥകളും ദീപശിഖാ റാലിയും 24ന് നടക്കും. ജില്ലാ പ്രസിഡന്റ് ആർ.രാമു, പൂവച്ചൽ വിജയൻ, ഡോ.കെ.എസ് പ്രദീപ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.