ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിൽ 15 നാഷണൽ റാങ്കുകളും സംസ്ഥാന തലത്തിൽ 8 റാങ്കുകളുമുൾപ്പെടെ 23 റാങ്കുകൾ നേടി ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ ദേശീയ തലത്തിൽ ശ്രദ്ധ നേടി.
ഷീറ്റ് മെറ്റൽ ട്രേഡിൽ മാത്രമായി ദേശീയ തലത്തിൽ രണ്ട് ഒന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും രണ്ട് മൂന്നാം റാങ്കും നേടി. വെൽഡർ പൈപ്പ്, വെൽഡർ ഇൻസ്പെക്ഷൻ ട്രേഡുകളിൽ നിന്നു ദേശീയ തലത്തിലെ ആദ്യ മൂന്നു റാങ്കുകളും, ഇലക്ട്രോപ്ലേറ്റർ ട്രേഡിൽ ദേശീയ തലത്തിൽ രണ്ട് ഒന്നാം റാങ്കുകളും, എം.എം.ടി.എം ട്രേഡിൽ നിന്നു ദേശീയ തലത്തിൽ മൂന്നാം റാങ്കും നേടുകയുണ്ടായി.
സംസ്ഥാന തലത്തിൽ ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, വെൽഡിംഗ് ഇൻസ്പെക്ഷൻ, വെൽഡർ പൈപ്പ്, എം.എം.ടി.എം, വെൽഡർ ടിഗ് ആൻഡ് മിഗ് ട്രേഡുകളിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി . ആറ്റിങ്ങൽ ഐ.ടി.ഐ യിലെ ഷീറ്റ്മെറ്റൽ വർക്കർ ട്രേഡിൽ അജീഷ് സി, സീന.വി, എന്നിവരും ഇലക്ട്രോപ്ലേറ്റർ ട്രേഡിൽ അഫ്സൽ എ.എസ്, അഖില .എസ്, വെൽഡർ പൈപ്പ് ട്രേഡിൽ അനന്ദു.വി, അജിത് കുമാർ, വെൽഡിങ് ഇൻസ്പെക്ഷൻ ട്രേഡിൽ വിശാഖ് വി.എസ് എന്നിവരാണ് ദേശീയതലത്തിൽ ഒന്നാം റാങ്കും നേടിയത്. ഷീറ്റ് മെറ്റൽ ട്രേഡിലെ സാരംഗ് ബി. എസ്, വെൽഡർ (പൈപ്പ്) ട്രേഡിലെ അമൽ എ.എസ്, വെൽഡർ ഇൻസ്പെക്ഷൻ ട്രേഡിലെ അഭിജിത് എസ്.എസ് എന്നിവരും ദേശീയ തലത്തിൽ റാങ്കു നേടി.